ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി പുതിയ സ്കൂട്ടറുമായി രംഗത്ത്. ഇന്ത്യൻ വിപണിയിലെ ഇവരുടെ പ്രധാന എതിരാളികളായ ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ, ഒല ഇലക്ട്രിക് തുടങ്ങിയ കമ്പനികളെ പിന്നിലാക്കാനാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നത്. വില ഏറ്റവും കുറഞ്ഞ ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് കൊണ്ടാണ് കമ്പനിയുടെ പ്രകടനം.
ഇതിനായി ബാറ്ററി ഉൾപ്പെടുത്താതെയായിരിക്കും കമ്പനി പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കുക. എന്നാൽ ബാറ്ററി വാടകയ്‌ക്കെടുക്കാൻ സാധിക്കും. വാടകയ്‌ക്കെടുക്കാവുന്ന ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും കമ്പനി ആരംഭിച്ചു
വളരെ ജനപ്രിയമായ ഒരു ബിസിനസ് മോഡലാണ് ബാറ്ററി-ആസ്-എ-സർവീസ് (BaaS) വഴി ഏഥർ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം വാഹനം വാങ്ങുമ്പോൾ ബാറ്ററി ഉണ്ടായിരിക്കില്ല. പിന്നീട് ഉപഭോക്താക്കൾക്ക് ബാറ്ററിയുടെ ഉപയോഗത്തിന് സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലോ അല്ലെങ്കിൽ കിലോമീറ്ററിനനുസരിച്ചോ പണം നൽകിയാൽ മതിയാകും.
ഒരു ഇലക്ട്രിക് വാഹനത്തിന്‍റെ വിലയുടെ ഏകദേശം 30-40 ശതമാനം ചെലവും ബാറ്ററിക്കാണ് വരുന്നത് ഈ പദ്ധതി ഒരു ഇലക്ട്രിക് വാഹനത്തിന്‍റെ പ്രാരംഭവില കുറയ്‌ക്കും. BaaS മോഡൽ എപ്പോൾ പുറത്തിറക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലഭിച്ച വിവരങ്ങളനുസരിച്ച് ഇത് ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രഖ്യാപിച്ചേക്കും.