കണ്ണൂർ തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പരിസരത്തുള്ള കിണറ്റില്‍നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഗോവിന്ദചാമിയെ സാഹസികമായി പിടികൂടിയത്. താൻ കിണറില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയ ആളെ ഇതിനിടെ ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നു. മിണ്ടിക്കഴിഞ്ഞാല്‍ കുത്തിക്കൊല്ലുമെന്നാണ് കണ്ണൂര്‍ തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജീവനക്കാരന്‍ ഉണ്ണികൃഷ്ണനെ പ്രതി ഭീഷണിപ്പെടുത്തിയത്.
തളാപ്പിലെ കുമാര്‍ ബില്‍ഡിങ്ങിന്റെ കിണറ്റില്‍ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ കണ്ട നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരന്‍ എം. ഉണ്ണികൃഷ്ണനോടാണ് ഗോവിന്ദച്ചാമി കുത്തിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത്. തളാപ്പ് പരിസരത്ത് ഗോവിന്ദച്ചാമിയുണ്ടെന്നു വിവരം വന്നതോടെയാണ് പരിശോധന നടത്തിയതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.
”ആദ്യം ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വിവരം വന്നു. ഇതോടെ ഇവിടെനിന്നു പോയി. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കിട്ടിയില്ലെന്ന വിവരം വന്നതോടെ വീണ്ടും ഇവിടെ വന്ന് കിണറ്റില്‍ നോക്കുകയായിരുന്നു. അപ്പോഴാണ് ഗോവിന്ദച്ചാമി കിണറ്റിലെ വെള്ളത്തില്‍നിന്നു പൊന്തിയത്. ആളുകള്‍ വരുന്നതു കേട്ട് വെള്ളത്തിലേക്കു മുങ്ങിയതായിരിക്കാം.
ശ്വാസം കിട്ടാതെ വന്നതോടെ വെള്ളത്തില്‍നിന്നു പൊന്തിയപ്പോഴാണ് ഞങ്ങള്‍ കണ്ടത്. കയറില്‍ പിടിച്ച് കിണറിന്റെ പടവില്‍ നില്‍ക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഞങ്ങളെ കണ്ട ഉടന്‍ ഗോവിന്ദച്ചാമി ‘മിണ്ടിയാല്‍ കുത്തിക്കൊല്ലുമെന്നു’ പറഞ്ഞു. ഇതോടെ ഞങ്ങള്‍ ബഹളം വച്ചു. അപ്പോഴേക്കും ആളുകളും പൊലീസും ഓടിയെത്തുകയായിരുന്നു. തുടര്‍ന്നു കയറില്‍ പിടിച്ചു വലിച്ചു കയറ്റുകയായിരുന്നു” ഉണ്ണികൃഷ്ണന്‍ പറഞ്ഞു.