അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനെ ത്തുടർന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ദ അമേരിക്ക പാർട്ടി എന്നാണ് ഇതിന്റെ പേര്.നിലവിലെ റിപ്പബ്ലിക്കൻ- ഡെമോക്രാറ്റ് പാർട്ടികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങൾക്ക് സ്വാതന്ത്രം തിരിച്ചു നൽകാനാണ് പുതിയ പാർട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാർട്ടി രൂപീകരിക്കാൻ എക്സ് പ്ലാറ്റ്ഫോമിൽ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം.
പാഴ്ചെലവും അഴിമതിയും കാരണം രാജ്യത്തെ കടക്കെണിയിലാക്കുന്ന സാഹചര്യത്തിലേക്ക് വരുമ്പോൾ നമ്മൾ ജനാധിപത്യത്തിൽ അല്ല ഒരു പാർട്ടി സമ്പ്രദായത്തിലാണ് ജീവിക്കുന്നത്. അതിനാൽ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചു നൽകാൻ വേണ്ടിയാണ് അമേരിക്ക പാർട്ടി മസ്ക് പറയുന്നു.
ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ ജനങ്ങളെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് അമേരിക്കക്കാർ ജീവിക്കുന്നതെന്നും ജനാധിപത്യ സംവിധാനത്തിലല്ലെന്നും മസ്‌ക് വിമർശിച്ചു.
അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു മസ്ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം മസ്ക് സംഭാവനയും നൽകിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചെലവ് ചുരുക്കലിനായി രൂപപ്പെടുത്തിയ ഡോജിൻ്റെ മുഖ്യചുമതലക്കാരനായി മസ്കിനെ നിയമിച്ചിരുന്നു.
എന്നാൽ പിന്നീട്തൊഴിൽ വെട്ടിക്കുറയ്ക്കൽ അടക്കമുള്ള മസ്കിൻ്റെ പരിഷ്കാരങ്ങൾ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ബിഗ് ബ്യൂട്ടിഫുൾ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഇതിൽ നിന്ന് മസ്ക് രാജിവെക്കുന്നത്.