ടെക് കോഴ്‌സുകളുടെ പേരിൽ വമ്പൻ തട്ടിപ്പ് നടന്ന കഥയാണ് സൂറത്തിൽ നിന്ന് പുറത്തുവരുന്നത്. ടെക് കോഴ്‌സുകൾ പഠിപ്പിക്കുകയും ഇൻറേൺഷിപ്പ് നൽകുകയും ചെയ്യുമെന്ന വ്യാജേന ഒന്നര ലക്ഷം രൂപ വരെ വിദ്യാർഥികളിൽ നിന്ന് തട്ടിയെടുത്തതായാണ് പരാതി. സൂറത്തിൽ 40 വിദ്യാർഥികൾക്ക് ആകെ 52.27 ലക്ഷം രൂപ ഇത്തരത്തിൽ നഷ്ടമായി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നു എന്ന് പറയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനവും അതിൻറെ സൂറത്തിലെ ഫ്രാഞ്ചൈസിയുമാണ് പണം തട്ടിയത് . ഇൻസ്റ്റാഗ്രാമിൽ വളരെ ആകർഷകമായ പരസ്യം പങ്കുവെച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് ഗ്ലോബൽ എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സൂറത്ത് അർബൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൂറത്തിൽ സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, ഡാറ്റാ സയൻസ് തുടങ്ങിയ കോഴ്‌സുകൾ പഠിപ്പിക്കാമെന്ന് വാഗ്‌ദാനം ചെയ്ത സ്ഥാപനം 40 വിദ്യാർഥികളിൽ നിന്ന് ആകെ 52.27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് പുറമെ പരിശീലനവും ഇൻറേൺഷിപ്പും നൽകുമെന്നും സ്ഥാപനം വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയിരുന്നു.വെറും ആറ് മാസം കൊണ്ട് മാസ്റ്റേർസ് കോഴ്‌സ് നേടാം എന്ന വാഗ്‌ദാനം നൽകിയാണ് ഈ സ്ഥാപനം വിദ്യാർഥികളിൽ നിന്ന് പണം തട്ടിയത്.
കേരളത്തിലും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ വീഴാൻ സാധ്യത ഏറെയാണെന്നും ഇല്ലാത്ത കോഴിസുകളുടെ പേരിൽ പോലും പണം തട്ടിയ സംഭവങ്ങൾ സംസ്ഥാനത്തുനിന്ന് മുമ്പ് പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതിനാൽ തന്നെ സോഷ്യൽമീഡിയ പരസ്യങ്ങളിൽ വീണുപോകാതെ യുക്തി സഹമായി ചിന്തിക്കുകയും അന്വേഷിക്കുകയും വേണം.