നടന്‍ കുഞ്ചാക്കോ ബോബനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി. മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന കുഞ്ചാക്കോ ബോബന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സരിന്‍ ശശി ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
കുഞ്ചാക്കോ ബോബന്‍ ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിന്‍ കുറിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ സ്‌കൂളില്‍ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് കൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
ആ ഹാങ്ങോവറില്‍നിന്ന് പുറത്തേക്ക് വരാനും എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ എന്നും സരിന്‍ ശശി കുറിപ്പില്‍ പറയുന്നു.
തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന.
വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നതെന്നും അത് മാറ്റം വരേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ പരിഗണന നല്‍കേണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ ചൂണ്ടിക്കാണിച്ചിരുന്നു.