സംസ്ഥാന പൊലീസ് മേധാവി റവാഡ എ.ചന്ദ്രശേഖറിന്റെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. വാർത്താ സമ്മേളനത്തിനിടെ, മാധ്യമപ്രവർത്തകനല്ലാത്ത ഒരാൾ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടന്നുചെന്ന്ക ടലാസുകളുമായി ചെന്ന് പരാതി ഉന്നയിച്ചു. പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഉറപ്പു കൊടുത്തു.
മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ. 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ..’’–പരാതിക്കാരൻ വിളിച്ചു പറഞ്ഞു. ചില ചിത്രങ്ങളും ഇയാൾ ഉയർത്തിക്കാട്ടി.
പിന്നീട് പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. മാധ്യമ പ്രവർത്തകനെന്ന് അവകാശപ്പെട്ടാണ് ഇയാൾ വാർത്താ സമ്മേളനത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയത്. എങ്ങനെ ഇയാൾ അകത്തു കയറിയെന്ന് പരിശോധിക്കുന്നുണ്ട്.
അതേസമയം, ലഹരിവിരുദ്ധ പോരാട്ടത്തിന് വളരെ പ്രാധാന്യം നൽകുമെന്ന് റാവാഡ എ.ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാട്ടിലെ പ്രധാന പ്രശ്നമാണിത്. ലഹരിയെ നേരിടാനുള്ള നയം കൊണ്ടുവരും. നടപടികളെ ഇനി ശക്തിപ്പെടുത്തും. സൈബർ ക്രൈം മേഖലയിൽ വിവിധ ഏജൻസികളെ കൂട്ടിയിണക്കി മുന്നോട്ടുപോകും. ക്രമസമാധാനപരിപാലനം ശക്തിപ്പെടുത്തും. അദ്ദേഹം വ്യക്തമാക്കി.