മറ്റൊരു നിവൃത്തിയുമില്ലാതായപ്പെഴാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്നും താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും ഡോ ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ എന്തൊക്കെ നടപടി ഉണ്ടായാലും ഈ നിലപാട് തുടരുമെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
താൻ ഒരു കാര്യത്തിലും മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരും. ബ്യൂറോക്രസിയുടെ ഈ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങൾ പരിഹരിച്ചാൽ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകുമെന്നും ഡോ ഹാരിസ് കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കൽ പറയുന്നു.
ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിയതിൽ സംതൃപ്തനാണെന്ന് ഡോക്ടർ വെളിപ്പെടുത്തി സന്തോഷം തോന്നുന്ന നിമിഷങ്ങളെന്നാണ് ഹാരിസ് ചിറയ്ക്കലിൻറെ പ്രതികരണം. യൂറോളജി വകുപ്പിലേക്ക് ആവശ്യമായ ശസ്ത്രക്രിയ ഉപകരണം ഇന്നലെ എത്തിച്ച് ശസ്ത്രക്രിയകൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടറുടെ പ്രതികരണം.
അതേസമയം, ഡോ. ഹാരിസ് ചിറയ്ക്കൽ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ പോലെ ഒരാൾ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ താറടിച്ച് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ കഴിയുംവിധം അതൃപ്തികൾ പുറത്തുവിട്ടാൽ നല്ല പ്രവർത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
‘കേരളത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും നെഗറ്റീവായ കുറേകാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. ആരും അംഗീകരിക്കുന്നവിധത്തിൽ നല്ല പ്രവർത്തനങ്ങൾ നടന്ന നിരവധി കാര്യങ്ങളുണ്ട്. നല്ലത് അതേ നിലയ്ക്ക് നിൽക്കാൻ പാടില്ലെന്ന് സമൂഹത്തിൽ ചിലർക്ക് താത്പര്യമുണ്ട്. നിർഭാഗ്യവശാൽ മാധ്യമങ്ങളാണ് ഇപ്പോ അതിന് മുൻകൈ എടുത്തിട്ടുള്ളത്,’ മുഖ്യമന്ത്രി ആരോപിച്ചു.