ഭര്‍തൃപിതാവിന്റെ ലൈംഗിക പീഢനത്തിൽ മനംനൊന്ത് യുവതി തീകൊളുത്തി മരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിത(32)യാണ് മരിച്ചത്. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ രഞ്ജിതയെ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പകര്‍ത്തിയ വിഡിയോയില്‍ പറയുന്നു. 70ശതമാനത്തിലേറെ പൊളളലേറ്റ യുവതി മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ആത്മഹത്യയ്ക്കു ശ്രമിച്ച ശേഷമെടുത്ത വിഡിയോയിലാണ് ഭര്‍തൃകുടുംബത്തിനെതിരേയും അമ്മായിയച്ഛനെതിരേയും യുവതി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ‘എന്റെ അമ്മായിയച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു, ഇന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ നോക്കി, എനിക്കിത് സഹിക്കാനാവില്ല,സ്വയം ശരീരത്തിന് തീകൊളുത്തി’യെന്നാണ് വിഡിയോയില്‍ യുവതി പറയുന്നത്.
അതേസമയം ഏഴാം ക്ലാസ് വിദ്യാർത്ഥിയായ യുവതിയുടെ ഇളയ മകൻ, മുത്തശ്ശന്‍ ഉപദ്രവിച്ചതിനെക്കുറിച്ച് അമ്മ തന്നോട് പറഞ്ഞിരുന്നുവെന്ന് മറ്റൊരു വിഡിയോയും പുറത്തുവിട്ടു. ഭർതൃപിതാവിന്റെ മോശം പെരുമാറ്റത്തിൽ മാത്രമല്ല, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ സ്ത്രീധന പീഡനത്തെക്കുറിച്ചും രഞ്ജിത പറഞ്ഞിരുന്നുവെന്ന് ആരോപിക്കുന്നു.
‘ഇത് 13 വർഷം നീണ്ട പീഡനമായിരുന്നു. സ്ത്രീധനമായി സ്ഥലവും കൂടുതൽ സ്വർണ്ണവും ഭര്‍ത്താവിന്റെ കുടുംബം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഭർത്താവ് മദ്യപിച്ച് നിരന്തരം മർദ്ദിക്കുകയും എല്ലാം നിശ്ശബ്ദമായി സഹിക്കാൻ രഞ്ജിതയോട് ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം വീട്ടിലേക്കുവന്നാല്‍ പിന്നെ അങ്ങോട്ട് തിരിച്ചുചെല്ലേണ്ടതില്ലെന്ന് പറഞ്ഞ്ഭീഷണിപ്പെടുത്തിയെന്നും രഞ്ജിതയുടെ സഹോദരി പറയുന്നു.