മുൻ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ( എഫ്ബിഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നതായുള്ള എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ആരും നിയമത്തിന് അതീതരല്ല’ എന്ന തലക്കുറിപ്പോടെയാണ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പോസ്്റ് ചെയ്തിരിക്കുന്നത്.
ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ, ‘പ്രത്യേകിച്ച് പ്രസിഡന്റ് നിയമത്തിന് മുകളിലാണ്’ എന്ന് ഒബാമ പറയുന്നതോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് നിരവധി യുഎസ് രാഷ്ട്രീയക്കാർ ‘ആരും നിയമത്തിന് മുകളിലല്ല’ എന്ന് പറയുന്നതും ഇതിൽ കാണാൻ കഴിയും. തുടർന്ന് എഐ നിർമ്മിത വീഡിയോയിൽ, മുമ്പ് പ്രസിഡൻറായിരുന്ന ഓഫീസിൽ വെച്ച് ഒബാമയെ എഫ്ബിഐ ഊദ്യോഗസ്ഥർ കൈ വിലങ്ങ് അണിയിച്ചു കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഒബാമയെ ‘അറസ്റ്റ്’ ചെയ്യുമ്പോൾ സമീപത്തുണ്ടായിരുന്ന ട്രംപ് ചിരിച്ചുകൊണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം. ജയിലിനുള്ളിൽ ഒബാമ, ജയിലിലെ ഓറഞ്ച് വസ്ത്രം ധരിച്ചുകൊണ്ടു നിൽക്കുന്നത് കാണിച്ചുകൊണ്ടാണ് കൃത്രിമ വീഡിയോ അവസാനിക്കുന്നത്. വീഡിയോ വ്യാജമാണെന്ന അറിയിപ്പൊന്നും ട്രംപ് നൽകിയിട്ടില്ല. ഈ നടപടിയെ ട്രംപിന്റെ വിമർശകർ അപലപിച്ചു. വളരെ നിരുത്തരവാദിയായ വ്യക്തിയാണ് ട്രംപെന്നും വിരോധം മൂത്ത് ഇദ്ദേഹത്തിന് കാര്യമായി എന്തോ സംഭവിച്ചെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ വീഡിയോയെക്കുറിച്ച് കൂടുതലൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിലും ഈ എഐ വീഡിയോ ചർച്ചയാകുമെന്നത് തീർച്ചയാണ്.