ഹസ്തദാനം നൽകിയാൽ പോലും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ കൈ ചതഞ്ഞതു പോലെ ചുവന്ന് വരുന്നുവെന്നും നീരുവയ്ക്കുന്നുവെന്നും വെളിപ്പെടുത്തിയത് ഡോക്ടര്‍ സീന്‍ ബാര്‍ബബെല്ലയാണ്. 78കാരനായ ട്രംപിന് കാല്‍മുട്ടിന് താഴേക്ക് നീര് വയ്ക്കുന്നുണ്ടെന്നും അവര്‍ പരിശോധനയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രംപിനെ ചില പരിശോധനകള്‍ക്കും വിധേയനാക്കിയെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. വിശദമായ പരിശോധനയില്‍ ട്രംപിന് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (CVI) എന്ന രോഗാവസ്ഥയാണെന്നും ആ രോഗത്തിന്റെ പ്രാരംഭദശയാണെന്നും കണ്ടെത്തി.
എന്നാൽ നിലവിൽ ട്രംപിന്‍റെ ആരോഗ്യത്തില്‍ പക്ഷേ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും 70 വയസു കഴിഞ്ഞവരില്‍ ഇതൊക്കെ സാധാരണമാണെന്നും ഡോ. സീനിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാലിലെ ഞരമ്പുകള്‍ക്ക് സാധരണഗതിയിലുള്ളത് പോലെ രക്തയോട്ടം നിയന്ത്രിക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണിത്. ഇതോടെ ഞരമ്പുകളില്‍ രക്തം ശേഖരിക്കപ്പെടുകയും സിരകളുടെ ഭിത്തിയില്‍ സമ്മര്‍ദനം അനുഭവപ്പെടുകയും ചെയ്യും. ഈ അവസ്ഥ പിന്നീട് വെരിക്കോസ് സിരകള്‍ക്കും കാരണമായേക്കാം.
സാധാരണ സ്ഥിതിയില്‍ രക്തധമനികളിലെ വാല്‍വുകള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമായി നടക്കാന്‍ സഹായിക്കും. എന്നാല്‍ ഇത് നടക്കാതെ വരുമ്പോള്‍ ഹൃദയത്തിലേക്ക് പോകേണ്ട രക്തം തിരികെ വരികയും കാലുകളിലെ ഞരമ്പുകളില്‍ അത്കെ ട്ടിക്കിടക്കുകയും ചെയ്യും. തൽഫലമായി വേദന, നീര്, ചര്‍മത്തില്‍ നിറവ്യത്യാസം, വെരിക്കോസ് വെയിന്‍, ലെഗ് അള്‍സര്‍ തുടങ്ങിയവ ഉണ്ടായേക്കാം.