ഉറങ്ങുമ്പോള്‍ ‘വായ കൊണ്ട് ശ്വസിക്കുന്നത് കൂര്‍ക്കംവലി അല്ലെങ്കില്‍ സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ഏവര്‍ക്കുമറിയാം. ഇപ്പോഴിതാ ഇതിന് പരിഹാരമെന്ന തരത്തില്‍ ടിക്ടോക്കില്‍ ഒരു ട്രെന്‍ഡ് പ്രചരിക്കുകയാണ്. ഉറങ്ങുമ്പോള്‍ വായ ഒരു പോറസ് ടേപ്പ് ഉപയോഗിച്ച് ടേപ്പ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ഈ ടിപ്പ് ഫലപ്രദമാണെന്നും അവര്‍ അവകാശവാദമുന്നയിക്കുന്നു. ഈ രീതി വ്യാപക പ്രചാരം നേടിയതിന് പിന്നാലെ ഒരു സംഘം ഡോക്ടര്‍മാര്‍ ഒരു പഠനത്തിലൂടെ ഇതിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
213 രോഗികളില്‍ നിന്നുള്ള ഡാറ്റ ഉള്‍ക്കൊള്ളുന്ന, ഏറ്റവും പ്രസക്തമായ 10 ഗവേഷണ പ്രബന്ധങ്ങളുടെ ഒരു അവലോകനമാണ് ഇത് സംബന്ധിച്ച് ഇവര്‍ നടത്തിയിരിക്കുന്നത്. അതിലെന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കാം.
മൗത്ത് ടേപ്പിംഗ് മൂലം കൂര്‍ക്കംവലിയും സ്ലീപ് അപ്നിയയും ഇല്ലാതാകും എന്ന തരത്തിലുള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. എന്നാല്‍ മൂക്കിലൂടെ എന്തെങ്കിലും കാരണവശാല്‍ ശ്വാസമെടുക്കാനായില്ലെങ്കില് ഈ മൗത്ത് ടേപ്പിംഗ് വലിയ അപകടത്തിന് വഴിവെക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.’
സൈനസ് അണുബാധ, അല്ലെങ്കില്‍ നാസല്‍ പോളിപ്സ് പോലുള്ള തടസ്സം കാരണം വായിലൂടെ ശ്വസിക്കുകയാണെങ്കില്‍, വായ അടച്ചിടുന്നത് ദോഷം ചെയ്യും. കൂടാതെ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം സോഷ്യല്‍ മീഡിയ പരിഹാരങ്ങള്‍ പ്രചരിപ്പിക്കുന്നത് രോഗികളെ അവരുടെ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതില്‍ നിന്നും ചികിത്സിക്കുന്നതില്‍ നിന്ന് വൈകിപ്പിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യും.
നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ കൂര്‍ക്കംവലി ശല്യമാകുന്നുവെങ്കില്‍ അതിന്റെ ഉത്തരങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സ്ക്രോള്‍ ചെയ്യുന്നതിനുപകരം ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്.