കിഴക്കൻ ചൈനയിൽ നടന്ന ഒരു വിചിത്ര സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വയറുവേദന മൂലം ഡോക്ടറെ സമീപിച്ച 64 വയസുള്ള ഒരു വ്യക്തിയുടെ ചെറുകുടലിൽ നിന്നും 52 വർഷം പഴക്കമുള്ള ടൂത്ത്ബ്രഷ് കണ്ടെത്തിയിരിക്കുകയാണ്. പരിശോധനകൾക്ക് ശേഷമാണ് വർഷങ്ങൾ പഴക്കമുള്ള ടൂത്ത്ബ്രഷ് വയറ്റില്‍ നിന്ന് കണ്ടെത്തിയത്.
12 വയസുള്ളപ്പോൾ തനിക്ക് സംഭവിച്ച ഒരു അബദ്ധമാണ് അദ്ദേഹം ഡോക്ടറോട് പറഞ്ഞത്. അന്ന് അറിയാതെ താൻ ഒരു ടൂത്ത് ബ്രഷ് വിഴുങ്ങിയിട്ടുണ്ടെന്നും, മാതാപിതാക്കളോട് പറയാൻ പേടിച്ച് മിണ്ടാതിരുന്നുവെന്നും ഇയാൾ പറഞ്ഞു. ബ്രഷ് പൂർണമായും ദഹിച്ച് പോകും എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം, അതുകൊണ്ട് തന്നെ ഡോക്ടറെ കാണാനോ, ചികിത്സിക്കാനോ തയ്യാറായിരുന്നില്ല.
പിന്നീട് വയറിൽ അസ്വസ്ഥത വല്ലാതെ വർധിച്ചതിന് പിന്നാലെ ചൈനയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുകയായിരുന്നു. വിശദമായ പരിശോധനയിൽ അദ്ദേഹത്തിന്റെ ചെറുകുടലിലായി 17 സെന്റീമീറ്റർ നീളമുള്ള ടൂത്ത്ബ്രഷ് കേടുപാടുകൾ ഒന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന എൻഡോസ്‌കോപിക് ചികിത്സയിലൂടെ ശസ്ത്രക്രിയ വിദഗ്ധർ ടൂത്ത്ബ്രഷ് നീക്കം ചെയ്തു.
‘അഞ്ച് പതിറ്റാണ്ടുകൾ ഇത്രയും വലിയ ടൂത്ത്ബ്രഷ് വയറിനകത്ത് കുടുങ്ങിയിട്ടും ഇയാൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല എന്നത് അതിശയമാണ്.’ ഡോക്ടർ പറയുന്നു.
സാധാരണ ഇത്തരത്തിൽ ഒരു വസ്തു കുടിലേക്കോ ആമാശയത്തിലേക്കോ പ്രവേശിച്ചാൽ, ഭിത്തികളിൽ മുറിവുകളുണ്ടാക്കുകയോ. തുളഞ്ഞ് കയറുകയോ ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചില്ല എന്നതും അത്ഭുതകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.