ഇന്‍ഷുറന്‍സ് തുക കൈക്കലാക്കുന്നതിനായി തന്റെ ഇരുകാലുകളും മുട്ടിന് താഴെവെച്ച് ഒരു ഡോക്ടർ മുറിച്ചുമാറ്റിയെന്ന വിചിത്രമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യുകെയിലാണ് സംഭവം. പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പറാ(49)ണ് 500,000 പൗണ്ട് (ഏകദേശം 5,85,45,800 രൂപ) ഇന്‍ഷുറന്‍സിനുവേണ്ടി കാലുകള്‍ മുറിച്ചുമാറ്റിയത്. അണുബാധയെ തുടര്‍ന്നാണ് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നത് എന്നായിരുന്നു നീലിന്റെ അവകാശവാദം. എന്നാല്‍ അന്വേഷണങ്ങൾക്കൊടുവിൽ ഇതിൽ സത്യമില്ലെന്ന് കോടതി കണ്ടെത്തി.
രണ്ട് വ്യത്യസ്ത കമ്പനികളില്‍നിന്ന് 235,622 പൗണ്ടിന്റെയും 231,031 പൗണ്ടിന്റെയും ഇന്‍ഷുറന്‍സായിരുന്നു നീലിനുണ്ടായിരുന്നത്. ഇവ ലഭിക്കാന്‍ വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടര്‍ കബളിപ്പിച്ചത്.
2019 ജൂണ്‍ മൂന്നാം തീയതിയും 26-ാം തീയതിയുമായിരുന്നു ഇത്. ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ഏകദേശം രണ്ടരക്കൊല്ലം നീണ്ട അന്വേഷണത്തിലാണ് തട്ടിപ്പ് തെളിഞ്ഞത്.
2013 മുതല്‍ പത്തുകൊല്ലം റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു നീല്‍ ജോലിചെയ്തിരുന്നത്. ഇക്കാലയളവില്‍ നൂറുകണക്കിന് ശസ്‌ക്രിയകൾ നീല്‍ ചെയ്തിട്ടുണ്ട്. 2023 മാര്‍ച്ചിൽ ഇയാൾ അറസ്റ്റിലായതിനു പിന്നാലെ നീലിന്റെ മെഡിക്കൽ പ്രാക്ടീസിനുള്ള അനുമതി റദ്ദാക്കിയിരുന്നു.
മറ്റുള്ള വ്യക്തികളുടെ ശരീരം മുറിച്ചുമാറ്റാന്‍ മാരിയസ് ഗുസ്റ്റാവ്‌സണ്‍ എന്നൊരാള്‍ക്ക് പ്രേരണയായി എന്ന കുറ്റവും നീലിനുമേല്‍ ചുമത്തിയിട്ടുണ്ട്.