തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ വ്യാജ ഡീസല്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലും വില്‍പ്പന കേന്ദ്രങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വ്യാപക പരിശോധന നടന്നു. ഓപ്പറേഷന് ഫുവേഗോ മറീനോ എന്ന പേരിലായിരുന്നു പരിശോധന. കേരളത്തിലെ അമ്പതില്പരം കേന്ദ്രങ്ങളില്‍ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സെര്‍ച്ച് നടത്തുന്നത്.
കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതുമായ വ്യാജ ഡീസല്‍ മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപകമായിരുന്നു. ഇത് കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമം തകൃതിയായി നടക്കുകയാണ്. ആദ്യ പടിയായി മത്സ്യ ബന്ധന ബോട്ടുകള്‍ക്കാണ് ഇവര്‍ വ്യാജ ഡീസല്‍ വിതരണം ചെയ്യുന്നത്. ചില തീരദേശ ഡീസല്‍ പമ്പുകള്‍ വഴിയും അനധികൃത യാര്‍ഡുകള്‍ വഴിയുമാണ് ഇവര്‍ വ്യാജ ഡീസല്‍ വിറ്റു കൊണ്ടിരിക്കുന്നത്.
തുച്ഛമായ വിലയുള്ള വ്യാജ ഡീസല്‍, ഡീസല്‍ എന്ന പേരില്‍ മാര്‍ക്കറ്റ് വിലയില്‍ നിന്നും ഒന്നോ രണ്ടോ രൂപ കുറച്ചു മാത്രം വിറ്റ് വന്‍ കൊള്ള ലാഭമാണ് ഈ സംഘം നേടി വരുന്നത്്. പൂര്‍ണ്ണമായും നികുതി വെട്ടിച്ച് നടത്തുന്ന ഈ ശൃംഖലയില്‍പ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് പരിശോധന നടക്കുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും, വ്യാപാരികളും, ഇത് വാങ്ങുന്നവരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുമാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.