വെടിനിർത്തൽ നിലവിൽ വന്നതോടെ ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് താത്കാലികമായെങ്കിലും ഒരു ശമനം വന്നിരിക്കുകയാണ്. എന്നാൽ സൈബറിടങ്ങളിൽ പല വ്യാജ വീഡിയോകളും ചിത്രങ്ങളും വളരെ വ്യാപകമായിത്തന്നെ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഇറാൻ പിടികൂടിയ ഇസ്രയേൽ ചാരന്റെ ദൃശ്യം എന്ന രീതിയിലുള്ള ഒരു വീഡിയോ.
“ഇസ്രായേലി ചാരനെ ഇറാൻ തൂക്കിക്കൊന്നു;” എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഈ വീഡിയോ സോഷ്യൽമീഡിയയിൽ ആഘോഷിക്കപ്പെടുകയാണ് ഇറാൻ അനുകൂലികളായ നിരവധി പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്
എന്നാൽ വീഡിയോയിലുള്ളത് ഇറാൻ പിടികൂടിയ ഇസ്രയേൽ ചാരന്മാരല്ലെന്ന് കണ്ടെത്തി. 2025 മാർച്ച് മാസം ടെഹ്റാനിൽ അറസ്റ്റിലായ കവർച്ചാ സംഘത്തിന്റെ ദൃശ്യമാണിത്.
ടെഹ്‌റാനിൽ വീടുകളിൽ കയറി മോഷണം നടത്തിയ പ്രതികളെ ഗ്രേറ്റർ ടെഹ്‌റാൻ പൊലീസ് പിടികൂടി എന്ന തലകെട്ടോടെയാണ് വീഡിയോ നാളുകൾക്ക് മുമ്പ് പങ്കുവെച്ചിരുന്നത്. അഞ്ച് പേരടങ്ങുന്ന മോഷണ സംഘം ആളുകളെ വടിവാളുകൾ ഉപയോഗിച്ച് ആക്രമിച്ചിട്ടുണ്ടെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു. ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം.
ടെഹ്റാനിലും അടുത്തുള്ള സ്ഥലങ്ങളിലും നിരവധി കവർച്ചകൾ നടത്തിയ ആയുധ ധാരികളായ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ച് പ്രതികളെയും ടെഹ്റാൻ ഇന്റലിജൻസ് പൊലീസിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പ്രതികളുടെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും മോഷ്ടിച്ച വസ്തുക്കളും കണ്ടെത്തിയതായി ‘mashregh news’ എന്ന പേർഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹോം ന്യൂസ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച റിപ്പോർട്ടിൽ കവർച്ചാ സംഘത്തെ മാധ്യമങ്ങൾക്ക് മുമ്പിൽ ഹാജരാക്കുന്നതും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതായുമൊക്കെ കാണാൻ കഴിയും. യൂട്യൂബ് വീഡിയോ ചുവടെ ചേർത്തിരിക്കുന്നു.