അശ്ലീല വീഡിയോ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് ആരോപിച്ച് മാർട്ടിൻ എന്നയാൾ നൽകിയ കേസിൽ ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണെന്നും അത് ശ്വേത മേനോന്‍റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ് എന്നാണ് ദേവന്‍റെ പ്രതികരണം.
ഇപ്പോഴത്തെ നീക്കങ്ങൾ അമ്മയെ തകർക്കാനാണ്. അത് വിജയിക്കില്ല. മോഹൻലാൽ അടക്കമുള്ള വലിയ താരങ്ങൾ തന്നെ സ്ത്രീകൾ നയിക്കട്ടെ എന്ന് പറഞ്ഞതാണ്. എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. . ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ ബാബുരാജ് ആണോ എന്ന് തനിക്ക് അറിയില്ല. ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവിൽ വന്നശേഷം ആരാണ് അതിന് പിന്നിൽ എന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറും ഹൈക്കോടതി ഇപ്പോൾ സ്‌റ്റേ ചെയ്തിട്ടുണ്ട്. കീഴ്‌ക്കോടതി നടപടിക്രമം പാലിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പരാതിക്കാരനായ മാര്‍ട്ടിന്‍ മേനാച്ചേരിക്ക് കോടതി നോട്ടീസ് അയച്ചു.
കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കുന്ന സാഹചര്യത്തിൽ നടിക്കെതിരെ ഉയർന്ന പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. എഫ്ഐആറിലെ ബാലിശമായ വിശദാംശങ്ങൾ താരം ഹൈക്കോടതിയിൽ ചൂണ്ടികാട്ടി.