ടെന്നിസ് താരവും മകളുമായ രാധികയെ കൊന്നതിൽ അൽപ്പം പോലും കുറ്റബോധമില്ലാതെ പിതാവ് ദീപക് .തനിക്ക് സാമ്പത്തിക ശേഷിയുണ്ടെന്നും മകൾ ടെന്നീസ് അക്കാദമി നടത്തേണ്ട ആവശ്യമില്ലായിരുന്നെന്നും അയാൾ പൊലീസിനോട് പറഞ്ഞു. തന്നെ നോക്കുന്നത് മകളാണെന്ന് നാട്ടുകാരും ബന്ധുക്കളും പരിഹസിച്ചു. അതിന് പിന്നാലെ ദീപികയോട് അക്കാദമി അടച്ചുപൂട്ടാൻ പറഞ്ഞിരുന്നു. എന്നാൽ അവർ അത് കേട്ടില്ലെന്നും അതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പൊലീസിനൊട് ദീപക് പറഞ്ഞു.
ടെന്നിസ് കോച്ചും ദേശീയതാരവുമായ രാധിക യാദവിനെ ഇന്നലെയാണ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് രാധികയ്ക്കാണ് വെടിയേറ്റതെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസ് കൊലയ്ക്കുപയോഗിച്ച തോക്ക് സഹിതം പിതാവായ ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാധിക അഭിനയിച്ച മ്യൂസിക് വിഡിയോ കുറച്ചുനാളുകൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ അച്ഛനും മകളും തമ്മിലുള്ള തർക്കവും രൂക്ഷമായി. മകൾ സമ്പാദിച്ചിട്ട് വേണ്ട കുടുംബം കഴിയാനെന്നും വീട്ടിലിരിക്കണമെന്നുമായിരുന്നു ദീപകിൻറെ ആവശ്യമെന്ന് ബന്ധുക്കൾ പൊലീസിനോട് വെളിപ്പെടുത്തി.
ടെന്നിസ് അക്കാദമി രാധികയുടെ ആഗ്രഹവും സ്വപ്ന സാഫല്യവുമായിരുന്നുവെന്നും അത് അടച്ചുപൂട്ടാൻ രാധിക ഒരുക്കമല്ലായിരുന്നുവെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് നാലുവട്ടമാണ് പിതാവായ ദീപക് രാധികയ്ക്ക് നേരെ വെടിയുതിർത്തത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് നാലു വെടിയുണ്ടകൾ ശരീരം തുളച്ചുകയറിയെന്ന് സ്ഥിരീകരിച്ചത്. എഫ്ഐആറിൽ മൂന്ന് തവണ വെടിയേറ്റെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നാണ് രാധികയുടെ അമ്മാവനും അതേ ഫ്ലാറ്റിൽ തന്നെ താമസിക്കുന്നയാളുമായ കുൽദീപ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഓടിയെത്തിയപ്പോൾ അടുക്കളയിൽ രക്തത്തിൽ കുളിച്ച് രാധിക കിടക്കുന്നതാണ് കണ്ടതെന്നും കുൽദീപ് മൊഴി നൽകി.