യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദവുമായി സുവിശേഷകന്‍ ഡോ. കെ.എ പോള്‍. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശക്തമായ ശ്രമത്തിനൊടുവില്‍ വധശിക്ഷ റദ്ദാക്കിയെന്നാണ് അവകാശവാദം. കെ.എ പോള്‍ എക്സില്‍ പങ്കുവച്ച വിഡിയോയിലാണ് ഈ വെളിപ്പെടുത്തൽ.എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിമിഷ പ്രിയ വൈകാതെ ജയില്‍ മോചിതയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വിവിധ തലത്തില്‍ നടത്തിയ ഇടപെടലില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരുന്നു. ‘കഴിഞ്ഞ പത്ത് ദിവസമായി നേതാക്കൾ രാവും പകലും 24 മണിക്കൂറും പ്രവർത്തിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ വധശിക്ഷ റദ്ദാക്കാന്‍ പരിശ്രമിച്ച എല്ലാ നേതാക്കളോടും നന്ദി പറയുന്നു. ദൈവകൃപയാല്‍ നിമിഷപ്രിയയെ മോചിപ്പിക്കുമെന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. നയതന്ത്രജ്ഞരെ അയയ്ക്കാനും നിമിഷയെ സുരക്ഷിതയാക്കാനും തയ്യാറായതിന് പ്രധാനമന്ത്രി മോദി ജിയോട് നന്ദി പറയുന്നു’ എന്നിങ്ങനെയാണ് വിഡിയോയില്‍ പറയുന്നത്.
2015 ല്‍ സനായില്‍ യെമന്‍ പൗരനായ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.