വിവാഹ വാഗ്ദാനം നൽകി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) താരം യാഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞ്അ ലഹബാദ് ഹൈകോടതി. ഒരാളെ ഇത്രയും നീണ്ട കാലയളവിലേക്ക് പറ്റിക്കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് അറസ്റ്റ് തടഞ്ഞത്. ഒരാളെ അഞ്ചു വർഷം പറ്റിക്കാനാകില്ലെന്ന് ചൊവ്വാഴ്ച ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സിദ്ദാർഥ വർമയും അനിൽ കുമാറും നിരീക്ഷിച്ചു.
‘ഒന്നോ, രണ്ടോ, മൂന്നോ ദിവസമൊക്കെ നമുക്ക് ഒരാളെ പറ്റിക്കാനാകും…പക്ഷേ അഞ്ചു വർഷം…അഞ്ചു വർഷമായി നിങ്ങൾ അടുപ്പത്തിലായിരുന്നു…ഒരാളെ ആർക്കും അഞ്ചു വർഷം പറ്റിക്കാനാകില്ല’ – ഹരജി പരിഗണിക്കുന്നതിനിടെ വാക്കാൽ കോടതി പറഞ്ഞു. യുവതിയുടെ പരാതിയിൽ ഉത്തർപ്രദേശിലെ ഇന്ദിരാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
ദയാലുമായി തനിക്ക് അഞ്ചു വർഷത്തെ ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നുമാണ് യുവതി ആരോപിക്കുന്നത്. അറസ്റ്റ് തടയണമെന്നും തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യാഷ് ഹൈകോടതിയെ സമീപിച്ചത്.
, യുവതിക്കെതിരെ യാഷും പരാതി നൽകിയിരുന്നു. യുവതി ചികിത്സയുടെ പേര് പറഞ്ഞും മറ്റും ലക്ഷങ്ങൾ വായ്പ വാങ്ങിയിട്ടുണ്ടെന്നും ഇതുവരെ തിരിച്ചുതന്നിട്ടില്ലെന്നും പ്രയാഗരാജിലെ ഖുൽദാബാദ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യാഷ് പറയുന്നു. തന്റെ ഐഫോണും ലാപ്‌ടോപ്പും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.
വിവാഹ വാഗ്ദാനം നൽകി പലതവണ ശാരീരികമായി ഉപയോഗപ്പെടുത്തിയെന്നാണ് യുവതി ആരോപണം. യാഷിന്റെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഞാൻ അവരുടെ മരുമകളാകുമെന്ന് ഉറപ്പുനൽകി. തികഞ്ഞ സത്യസന്ധതയോടും സമർപ്പണത്തോടും കൂടിയാണ് ബന്ധം നിലനിർത്തിയത്. എന്നാൽ, മറ്റ് സ്ത്രീകളുമായുള്ള അവന്റെ ബന്ധം മാനസികമായി തളർത്തിയെന്നും യുവതി പറഞ്ഞിരുന്നു.