കാപ്പി കുടിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. ഇതിൽ വലിയ തോതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീന് നിങ്ങളുടെ മെറ്റബോളിക് നിരക്ക് വർദ്ധിപ്പിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. രാവിലെ കാപ്പി കുടിക്കുന്നത് മാനസിക ഉണർവും ഏകാഗ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, കാപ്പിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് വീക്കത്തെ ചെറുക്കാനും സഹായിക്കും. കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല ആയുസ്സ് വർധിക്കാനും മികച്ച പാനീയമാണ് ഇത്.
പോർച്ചുഗലിലെ കോയിംബ്ര യൂണിവേഴ്സിറ്റിയിലെ ഒരു സംഘം നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ദിവസവും മൂന്ന് കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നവരുടെ ആയുസ് 1.84 വർഷം കൂടുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കാപ്പിയുടെ പതിവ് ഉപഭോഗം ആയുസ് വർദ്ധിപ്പിക്കുമെന്ന് തങ്ങളുടെ അവലോകനം വ്യക്തമാക്കുന്നുവെന്ന് പോർച്ചുഗലിലെ കോയിംബ്ര യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റായ റോഡ്രിഗോ കുൻഹ പറഞ്ഞു.
കാപ്പിയിൽ അസിഡിറ്റി ഉള്ളതിനാൽ വയറ്റിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കും, ഇത് ഗ്യാസ്‌ട്രൈറ്റിസിന് കാരണമാകും. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും.
ഇത് നിങ്ങളുടെ ശരീരത്തിൽ വിവിധ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല.