വിമാനത്തിൽ പരിഭ്രാന്തനായി ഇറങ്ങണമെന്നാവശ്യപ്പെട്ട് അലറിക്കരഞ്ഞ യുവാവിന്റെ മുഖത്തടിച്ച് സഹയാത്രികന്‍ . ഇൻഡിഗോ മുംബൈ-കൊൽക്കത്ത വിമാനത്തിൽ ക്രൂവിന്റെ സഹായം തേടുന്നതിനിടെയാണ് യുവാവിന് മര്‍ദനമേറ്റത്. സംഭവത്തിൽ അടിച്ചയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. വ്യോമയാന നിയമപ്രകാരം തുടര്‍നടപടികളുണ്ടാവും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
മുംബൈയില്‍ നിന്ന് വിമാനം പറക്കാന്‍ തുടങ്ങവേയാണ് സംഭവം. യുവാവ് വിമാനത്തിനുള്ളില്‍വച്ച് അസ്വസ്ഥനാവുകയും ഇറങ്ങണമെന്നാവശ്യപ്പെടുകയും ചെയ്ത് സീറ്റിനിടയിലൂടെ നടക്കുന്ന സമയത്താണ് ഒരാൾ ഇയാളുടെ മുഖത്തടിച്ചത്. ഇൻഡിഗോ ഫ്ലൈറ്റ് 6E138നുള്ളില്‍വച്ചാണ് സംഭവം. കാബിന്‍ ക്രൂ യുവാവിന് സഹായം നല്‍കുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ അടിച്ചത്. അടിയേറ്റ് യുവാവ് ഉറക്കെ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.
നിങ്ങളെന്തിനാണ് അടിച്ചത് എന്ന് കാബിന്‍ ക്രൂവും ഒപ്പം മറ്റൊരു സഹയാത്രികനും പ്രതിയോട് ചോദിക്കുന്നുണ്ട്. വിമാനം കൊൽക്കത്തയിൽ ഇറങ്ങിയപ്പോൾ, പ്രതിയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വ്യക്തിയെ തുടരന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു.