ആവേശപ്പോരാട്ടത്തിന്റെ അവസാന ദിവസം നാലുവിക്കറ്റ് ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് വേണ്ടത് 35 റൺസായിരുന്നു പരിക്കേറ്റ പേസ് ബൗളർ ഇറങ്ങില്ല എന്ന പ്രതീക്ഷയിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്തി വിജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യൻ ടീം . എന്നാൽ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് അറ്റ്കിൻസൺ ഒരു വശത്ത് നിലയുറപ്പിച്ചത് അൽപ്പനേരമെങ്കിലും ഇന്ത്യയെ തോൽവി ഭയം പിടികൂടുന്നതിന് ഇടയാക്കി. പരിക്കേറ്റ ഇടതുകൈയിൽ സ്ലിങും വലതുകൈയിൽ ബാറ്റുമായി വോക്‌സ് കളിക്കളത്തിൽ ഇറങ്ങിയപ്പോൾ കണ്ടുനിന്ന കാണികൾ പോലും ആവേശത്തിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.
ടീമിന്റെ വിജയത്തിന് വേണ്ടി പരിക്ക് പോലും വകവെയ്ക്കാതെ കളിക്കളത്തിൽ ഇറങ്ങിയ വോക്‌സ് ഇംഗ്ലണ്ട് കാണികളുടെ മാത്രമല്ല ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും ആവേശമായി . 16 റൺസ് അകലെ വച്ച് കളിക്കളത്തിൽ ഇറങ്ങിയ വോക്‌സിനെ അപ്പുറത്ത് നിർത്തി ബാറ്റ് ചെയ്ത് വിജയിപ്പിക്കാമെന്ന അറ്റ്കിൻസണിന്റെ കണക്കുകൂട്ടൽ തെറ്റി.
അതിനിടെ സിറാജെറിഞ്ഞ 84-ാം ഓവറിൽ അറ്റ്കിൻസൺ ഒരു സിക്‌സ് നേടി വിജയത്തിലേക്ക് അടുത്തു. അവസാന പന്തിൽ ബൈ നേടി അറ്റ്കിൻസൺ വീണ്ടും ക്രീസിലേക്ക്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ തൊട്ടടുത്ത ഓവറിലും ഇതേ വിധം ബൈ നേടി വീണ്ടും ഇന്ത്യയുടെ സമ്മർദമേറ്റി.
അതിനിടയ്ക്ക് അറ്റ്കിൻസണിന്റെ ഷോട്ടിൽ വോക്‌സ് രണ്ട് റൺസ് ഓടി പൂർത്തിയാക്കുകയും ചെയ്തു. അവസാന പന്തിൽ സിംഗിൾ എടുത്ത് സ്‌ട്രൈക്ക് എടുത്ത അറ്റ്കിൻസണിന് വിജയിപ്പിക്കാനായില്ല. 85-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ അറ്റ്കിൻസണിന്റെ വിക്കറ്റ് പിഴുത് മുഹമ്മദ് സിറാജ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചു.