ലഗേജ് കുറക്കാൻ പറഞ്ഞതിന്, ഇറ്റലിയിലെ മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ വച്ച് ഒരു ചൈനീസ് യുവതി ബഹളം വയ്ക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അസാധാരണമായ ഒരു നാടകീയ രംഗം തന്നെയാണ് ഇവർ വിമാനത്താവളത്തിൽ സൃഷ്ടിച്ചത്.
സ്ത്രീയുടെ കൈവശമുള്ള ലഗേജ് അനുവദനീയമായതിനേക്കാൾ ഭാരമുള്ളതായിരുന്നു. ലഗേജ് കൊണ്ടുപോകണമെങ്കിൽ ഒന്നുകിൽ അധികനിരക്ക് അടയ്ക്കുകയോ, അല്ലെങ്കിൽ ലഗേജിൽ നിന്നും കുറച്ച് സാധനങ്ങൾ എടുത്ത് മാറ്റുകയോ വേണമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
അധികനിരക്ക് അടയ്ക്കുകയോ സ്യൂട്ട്കേസിൽ നിന്ന് കുറച്ച് സാധനങ്ങൾ നീക്കം ചെയ്യുകയോ ചെയ്യണമെന്ന് പറഞ്ഞതോടെ സ്ത്രീ തികച്ചും വൈകാരികമായി പ്രതികരിക്കുകയായിരുന്നു. അവർ ഉറക്കെ നിലവിളിക്കുകയും ചെയ്തു. കൂടാതെ നിലത്ത് കിടന്നുകൊണ്ടായിരുന്നു പിന്നീടുള്ള ഇവരുടെ പ്രകടനം.
അവർ കയ്യുംകാലുമെല്ലാം നിലത്തിട്ടടിക്കുകയും തല നിലത്തിട്ടടിക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു കുട്ടിയെ പോലെയാണ് സ്ത്രീ പെരുമാറുന്നത്. ഉദ്യോഗസ്ഥരും എയർപോർട്ടിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമെല്ലാം സ്ത്രീയെ നോക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഇവരെ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനത്തിൽ നിന്നും മാറ്റുകയും മറ്റൊരു വിമാനത്തിൽ ടിക്കറ്റ് നൽകുകയും ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.