പ്രാണികളുടെ നീക്കങ്ങളെ നിയന്ത്രിക്കാനാവുന്ന ഉപകരണം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ബെയിജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ ഷാവോയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പ്രാണികളുടെ മസ്തിഷ്‌കം നിയന്ത്രിക്കാനാവുന്ന ഏറ്റവും ചെറിയ ഉപകരണം വികസിപ്പിച്ചത്. ഈച്ചകളുടെ പിന്നിൽ ഇത് ഘടിപ്പിക്കാൻ സാധിക്കും. 74 മില്ലിഗ്രാം മാത്രമാണിതിന് ഭാരം.
സൂക്ഷ്മമായ മൂന്ന് സൂചികൾ ഉപയോഗിച്ചാണ് ഈ ഉപകരണം പ്രാണിയുടെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുക. ഇലക്ട്രോണിക് പൾസുകൾ ഉപയോഗിച്ച് ഈച്ചയുടെ സഞ്ചാരം നിയന്ത്രിക്കാൻ ഇതുവഴിയാവും.
ചൈനീസ് ജേണൽ ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിങിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ദുരന്തബാധിത മേഖലകളിലും പ്രശ്‌നബാധിത മേഖലകളിലും രഹസ്യ നിരീക്ഷണത്തിനായി ഈ ഉപകരണം ഘടിപ്പിച്ച ഈച്ചകളെ ഉപയോഗിക്കാനാവുമെന്നാണ് ചൈന അവകാശപ്പെടുന്നതെങ്കിലും ചാരപ്പണിക്കാവും ഇത്തരം പരീക്ഷണങ്ങൾ പ്രയോജനപ്പെടുത്തുകയെന്നതാണ് വിദഗ്ധരുടെ അഭിപ്രായം അതിനാൽ തന്നെ പല ലോകരാജ്യങ്ങളും ചൈനയുടെ ഈ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
നേരത്തെ സിംഗപ്പൂരിലാണ് ഏറ്റവും ഭാരം കുറഞ്ഞ സൈബോർഗ് കൺട്രോളർ നിർമിച്ചത്. പാറ്റകളിലും വണ്ടുകളിലും ഉപയോഗിക്കാനാവുന്നതായിരുന്നു ഈ ഉപകരണത്തിന് ചൈനീസ് ഗവേഷകർ വികസിപ്പിച്ചതിനേക്കാൾ മൂന്നിരട്ടി ഭാരമുണ്ടായിരുന്നു.
എങ്കിലും ഈ സാങ്കേതികവിദ്യ നിലവിൽ പിഴവുകളില്ലാത്ത വിധം പൂർണതയിൽ എത്തിയിട്ടില്ല. മാത്രവുമല്ല ചൈന കണ്ടെത്തിയ ഈച്ചകളെ നിയന്ത്രിക്കാനുള്ള ഉപകരണം വയർലെസ് ആയി നിയന്ത്രിക്കാനാവില്ല. അതേസമയം പാറ്റകൾക്കാകട്ടെ അധിക ദൂരം പറക്കാനുമാവില്ല. ഈ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ ദൈർഘ്യമുള്ള ബാറ്ററി വേണം. എന്നാൽ ബാറ്ററികൾ ഈച്ചകൾ പോലുള്ള പ്രാണികൾക്ക് ഭാരമേറിയവയാകും. വലിപ്പവും ഭാരവും കുറഞ്‍ എന്നാൽ ശേഷി കൂടിയ ബാറ്ററികൾ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ചൈന. വൈകാതെ തന്നെ ഇതും യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. മുമ്പ് ചെറിയ പറക്കും റോബോട്ടിനെ ചൈന വികസിപ്പിച്ചിരുന്നു. കൂടാതെ ബഹിരാകാശ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. ചില ഫംഗസുകളെയും വൈറസുകളെയും കേന്ദ്രീകരിച്ചാണ് ഗവേഷണം ഇത് ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്.