ശവപ്പെട്ടി എന്ന് കേൾക്കുമ്പോൾ തന്നെ നെഗറ്റീവായ ഒരു ഫീലാണുണ്ടാവുക. ആർക്കെങ്കിലും ഒരു ശവപ്പെട്ടി വാങ്ങിനൽകേണ്ട അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അതും ജീവിച്ചിരിക്കുന്ന ഒരാൾക്ക്. അതിന്റെ ആവശ്യമെന്തെന്ന് ചിന്തിച്ചേക്കാം. ഇപ്പോഴിതാ അത്തരമൊരു കഥയാണ് ചൈനയിൽ നിന്ന് വരുന്നത്. ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് വേണ്ടി ശവപ്പെട്ടി വാങ്ങിയ ഒരു യുവാവുണ്ട് അവിടെ . മാത്രമല്ല 70കാരിയായ അമ്മയെ വാങ്ങിയ ശവപ്പെട്ടിയിൽ കടയിൽ നിന്ന് വീട്ടിലേക്ക് ചുമക്കാൻ 16 പേരെയും ചുമതലപ്പെടുത്തി.
തെക്കൻ ചെെനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഡെയിലെ തായോയുവാൻ കൗണ്ടിയിലെ ഷുവാഹ്സിക്കോ ടൗണിലാണ് ഈ യുവാവ് താമസിക്കുന്നത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ ശവപ്പെട്ടിയിൽ കൊണ്ടുവരുന്നത് തന്റെ അമ്മയുടെ ദീർഘായുസ് വർദ്ധിപ്പിക്കുമെന്ന് വിശ്വാസിച്ചാണ് മകൻ ഇത് ചെയ്തതെന്നാണ് വിവരം.
ചെെനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൗയിനിലാണ് ഈ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിൽ ശവപ്പെട്ടിക്കുള്ളിൽ ഒരു വൃദ്ധ വിശറിയും പിടിച്ചിരിക്കുന്നതും ആളുകൾ ശവപ്പെട്ടി ചുമന്ന് ഘോഷയാത്ര പോലെ പോകുന്നതും കാണാമെന്ന് സൗത്ത് ചെെന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഇവരെ ശവപ്പെട്ടിയിൽ കയറ്റി കൊണ്ടുപോകുന്നത്.
വീട്ടിലെത്തി ശവപ്പെട്ടി ഇറക്കിയ ശേഷം പഴങ്ങളും ധൂപങ്ങളും ഒക്കെ വച്ച് വേറെ ചടങ്ങുകളും നടത്തുന്നുണ്ട്. ഇത് ഒരു പരമ്പരാഗതമായ രീതിയാണെന്നും ഇങ്ങനെ നടത്തിയാൽ ആയുസ് കൂടും എന്നാണ് കരുതുന്നതെന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇപ്പോൾ ഈ ചടങ്ങ് അങ്ങനെ നടത്താറില്ലെന്നും പ്രദേശവാസികൾ പറയുന്നു. അത്ര ലളിതമൊന്നുമല്ല ഈ ചടങ്ങ് ഇതിന് ഏകദേശം 2,800 ഡോളർ (2.4 ലക്ഷം രൂപ) ചിലവ് വരും.