യുക്രെയ്ൻ പൗരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കുറ്റത്തിന് വിദ്യാർഥിനിയെ പുറത്താക്കി ചൈനീസ് സർവകലാശാല. ദേശീയ താൽപര്യത്തിനെതിരായ കാര്യമാണ് ഇവർ ചെയ്തതെന്നും രാജ്യത്തെ തന്നെ നാണംകെടുത്തിയെന്നും കാണിച്ചാണ് നടപടിയെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വടക്കു കിഴക്കൻ ചൈനയിലെ ഡാലിയൻ പോളിടെക്നിക് സർവകലാശാലയുടേതാണ് വിചിത്ര നടപടി. പുറത്താക്കപ്പെട്ട വിദ്യാർഥിനിയുടെ പേരും മറ്റു വിവരങ്ങളും സഹിതമാണ് ഇതുസംബന്ധിച്ച വിശദീകരണക്കുറിപ്പ് സർവകലാശാല പുറത്തുവിട്ടത്. സർവ്വകലാശാലയുടെ ഈ നടപടി ചൈനയിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. വിദേശികളെ കാണുമ്പോൾ ‘ആകൃഷ്ടരായി’ പോകുന്ന യുവതിക്കൾക്ക് ഇത് പാഠമാകണമെന്ന് സർവകലാശാലയെ പിന്തുണയ്ക്കുന്നവർ പറഞ്ഞെങ്കിലും ഈ നടപടി തികച്ചും അസാധാരണമായിരുന്നുവെന്നും നീചമായിപ്പോയെന്നും മറ്റുള്ളവർ കുറ്റപ്പെടുത്തി.
ക്യാംപസിനുള്ളിൽ പല കാലങ്ങളിലായി സംഭവിച്ച ലൈംഗിക അതിക്രമങ്ങളിൽ പോലും നിസാര ശിക്ഷകൾ മാത്രം നൽകുമ്പോൾ ഇതിൽ മാത്രമെന്തിനാണ് ഇത്രയും കഠിനമായ ശിക്ഷയെന്ന് ചിലർ ചോദ്യമുയർത്തി. വിദ്യാർഥിനിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടത് വഴി വലിയ സ്വകാര്യത ലംഘനമാണ് ഇവർ ചെയ്തതെന്നും വളരെ കുറ്റകരമായ നടപടിയാണിതെന്നും ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ പറയുന്നു. ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം എന്നിവയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും ചിലർ പറഞ്ഞു.
ഡിസംബർ 16നാണ് വിദ്യാർഥിനി വിദേശിയുമായി ലൈംഗികബന്ധം പുലർത്തിയതെന്നും ഇത് മോശമായ പ്രതിച്ഛായയാണ് സർവകലാശാലയ്ക്കും രാജ്യത്തിനും സൃഷ്ടിച്ചതെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. വിദേശികളുമായി അരുതാത്ത ബന്ധങ്ങളിലേർപ്പെട്ട് രാജ്യത്തിൻറെ അന്തസിന് കോട്ടം വരുത്തുമാറ് പ്രവർത്തിക്കുന്നവർക്ക് തക്കതായ ശിക്ഷനൽകുമെന്നാണ് സർവകലാശാലയുടെ സിവിക് മൊറാലിറ്റി ചട്ടത്തിൽ പറഞ്ഞിട്ടുള്ളത്.