സ്വന്തം സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി ലോകരാജ്യങ്ങൾ തനതായ പല സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നുണ്ട്.
ഇപ്പോഴിതാ ലോകത്തെയാകെ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ചൈന. അടുത്തിടെ ചൈനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു ഡ്രോണാണ് ചർച്ച ചെയ്യപ്പെടുന്നത്. ഈ ഡ്രോണിന് ഒരു കൊതുകിന്‍റെ വലിപ്പം മാത്രമാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഈ ‘മൈക്രോ’ ഡ്രോൺ വിജയകരമായി പരീക്ഷിച്ചു എന്നും ഉടൻ ചൈനീസ് സൈന്യത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ (NUDT) ഒരു റോബോട്ടിക്സ് ലബോറട്ടറിയാണ് മൈക്രോ ഡ്രോൺ വികസിപ്പിച്ചെടുത്തത്.
ഏറ്റവും പുതിയ മൈക്രോ ഡ്രോണിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന സെൻട്രൽ ടെലിവിഷന്‍റെ സിസിടിവി ചാനലിൽ പ്രദർശിപ്പിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ചെറിയ ചിറകുകളുള്ള ഒരു ആകാശ വാഹനത്തെയാണ് വീഡിയോയിൽ കാണിക്കുന്നത്. രണ്ട് ചിറകുകളും ഒരു ക്യാമറ സജ്ജീകരണവും , മനുഷ്യന്‍റെ മുടിക്ക് തുല്യമായ മൂന്ന് കാലുകളും ഇതിൽ നൽകിയിട്ടുണ്ട്. ഒരു സ്‍മാർട്ട്‌ഫോൺ ഉപയോഗിച്ചായിരുന്നു ഇത് നിയന്ത്രിച്ചിരുന്നത്. ഏകദേശം 1.3 സെന്‍റീമീറ്റർ നീളമുള്ള ഒരു കൊതുകിന് തുല്യമായിരുന്നു അത്.
മിനിയേച്ചർ ഡ്രോണുകൾ പ്രതിരോധ രംഗത്ത്നി ർണായകമാണ്. കാരണം അവ കണ്ടെത്താതെ തന്നെ നിരീക്ഷണത്തിനോ രഹസ്യാന്വേഷണ ദൗത്യങ്ങൾക്കോ ഉപയോഗിക്കാം. അപകടഘട്ടങ്ങളിൽ അതിജീവിച്ചവരെ കണ്ടെത്താൻ അവയ്ക്ക് അവശിഷ്‍ടങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കാൻ സാധിക്കും.
ഈ മൈക്രോഡ്രോണുകൾക്ക് പരിമിതമായ പേലോഡ് ശേഷി മാത്രമേയുള്ളൂ. അവയ്ക്ക് വഹിക്കാൻ കഴിയുന്ന സെൻസറുകളുടെയോ ഉപകരണങ്ങളുടെയും കാര്യത്തില്‍ ചില വെല്ലുവിളികൾ ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം . ബാറ്ററികൾ ചെറുതായതിനാൽ സാധാരണയായി അവയ്ക്ക് പറക്കൽ സമയം കുറവാണ്.