ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് ഉപയോഗിച്ച ആയുധങ്ങളിൽ ഏറിയ പങ്കും ചൈനീസ് നിർമ്മിതമായിരുന്നുവെന്നത് പകൽ പോലെ സത്യമാണ്. തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയായി ഇന്ത്യ പാക് സംഘർഷത്തെ ചൈന മാറ്റുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്. ഓപ്പറേഷൻ സിന്ദൂറിനെയും അതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലുകളെയും തങ്ങളുടെ ആയുധ വിപണന തന്ത്രമാക്കി മാറ്റിയിരിക്കുകയാണ് ചൈന.
സംഘർഷ സമയത്ത് ഇന്ത്യയുടെ റഫാൽ വിമാനം വെടിവെച്ചിട്ടതായി പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആയുധം വിൽക്കാൻ പാകിസ്ഥാൻ വാദങ്ങൾ കടമെടുത്തിരിക്കുകയാണ് ചൈന. റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടത് തങ്ങളുടെ ജെ10സി ആണെന്നാണ് ഇവരുടെ അവകാശവാദം. ഇവർ റഫാൽ യുദ്ധ വിമാനത്തിനെതിരെ നുണപ്രചാരണങ്ങൾ അഴിച്ചുവിടുന്നതായി ഫ്രഞ്ച് കമ്പനിയും ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നു.
എല്ലാ രാജ്യങ്ങളോടും ഫ്രഞ്ച് യുദ്ധവിമാനമായ റഫാല്‍ വാങ്ങരുതെന്ന സന്ദേശം നല്‍കുകയായിരുന്നു ചൈനയെന്ന് ഫ്രഞ്ച് രഹസ്യഏജന്‍സികള്‍ കണ്ടെത്തിയിരിക്കുകയാണ്. 10 മുതല്‍ 12 കോടി ഡോളര്‍ വരെയാണ് ഒരു റഫാല്‍ ജെറ്റിന്റെ വിലയെന്നും ഇതിനേക്കാള്‍ ഫലപ്രദമാണ് അതിന്റെ മൂന്നിലൊന്ന് വിലയുള്ള ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയാല്‍ മതിയെന്നുമാണ് ചൈന പറയുന്നത്. ജെ10സിയ്‌ക്ക് നാല് കോടി ഡോളറേ വിലയുള്ളൂ.
റഫാല്‍ നിര്‍മ്മിയ്‌ക്കുന്ന ദസോള്‍ട് എവിയേഷന്റെ സിഇഒ ആയ എറിക് ട്രാപ്പിയര്‍ പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഫ്രഞ്ച് മാസികയായ ചലഞ്ചസില്‍ മൂന്ന് റഫാല്‍ ജെറ്റുകളെ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം എറിക് ട്രാപ്പിയര്‍ നിഷേധിച്ചു. മറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കാണിച്ചാണ് റഫാല്‍ ജെറ്റ് വെടിവെച്ചിട്ടു എന്ന പേരില്‍ പാകിസ്ഥാനും ചൈനയും നുണപ്രചാരണം നടത്തിയതെന്ന് ഫ്രഞ്ച് രഹസ്യ ഏജന്‍സി പറയുന്നു.
ചൈനയുടെ യുദ്ധവിമാനമാണ് കേമം എന്ന് പ്രചരിപ്പിക്കാനായി ചൈന പ്രചാരണം നടത്തിയിരുന്നു. ഇതിനായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങളും ചിത്രങ്ങളും വരെ ചൈന ഉപയോഗിച്ചുവെന്നും ഫ്രഞ്ച് രഹസ്യവിവരശേഖരണ ഏജന്‍സികള്‍ അവകാശപ്പെടുന്നു.