മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. ഇത് ഗൗരവമേറിയ മനുഷ്യക്കടത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും കേസാണെന്ന് അദ്ദേഹം എക്‌സില്‍ വിശദീകരിച്ചു. നാരായണ്‍പൂരിലെ മൂന്ന് ആദിവാസി പെണ്‍കുട്ടികളെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ വച്ച് നാട്ടുകാരനായ ഒരാള്‍ ഈ കന്യാസ്ത്രീകള്‍ക്ക് കൈമാറുകയായിരുന്നു. ഇവർ ഈ പെണ്‍കുട്ടികളെ ആഗ്രയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തൊഴില്‍ ദാനത്തിന്റെ മറവില്‍ വളരെ ആസൂത്രിതമായി പെണ്‍കുട്ടികളെ കുരുക്കില്‍ പെടുത്തിയതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സര്‍ക്കാര്‍ ഇത് വളരെ ഗൗരവത്തോടെ നിരീക്ഷിച്ച് വരികയാണെന്നും മുഖ്യമന്ത്രി തന്റെ കുറിപ്പില്‍ പറഞ്ഞു.
മലയാളി കന്യാസ്ത്രീകളായ വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ‘ ഇത് സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ഗൗരവമേറിയ കേസാണ്. ഞങ്ങളുടെ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. ബസ്തറിന്റെ പെണ്‍മക്കള്‍ ഞങ്ങളുടെ സംസ്‌കാരത്തിന്റെയും അസ്തിത്വത്തിന്റെയും അഭിമാനമാണ്.
എങ്കിലും ചില വ്യക്തികള്‍ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ഞങ്ങളുടെ പെണ്‍മക്കളുടെ സുരക്ഷയെയും മതസ്വാതന്ത്ര്യസംരക്ഷണത്തിന്റെയും വിഷയമാണ്. ബസ്തറില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മതപരിവര്‍ത്തന- മനുഷ്യക്കടത്ത് കേസുകള്‍ ഏറി വരികയാണ്.
വിദ്യാഭ്യാസത്തിന്റെയോ, തൊഴിലിന്റെയോ മറവില്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ കൊണ്ടുപോകുകയും പിന്നീട് ചൂഷണത്തിനോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനോ വിധേയമാക്കുകയാണ് ഇത്തരത്തിലുള്ള കേസുകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. നമ്മുടെ പെണ്‍മക്കളുടെ സുരക്ഷയെയും അന്തസിനെയും ബാധിക്കുന്ന വിഷയമാണ്.’- മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.
ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ അന്‍പതിലേറെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.