2019ലെ ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ പരാജയം ടീമിനെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് ചഹൽ. ഇതിന്റെ പേരിൽ വിരാട് കോഹ്‌ലി ഉള്‍പ്പടെയുള്ള എല്ലാ ക്രിക്കറ്റ് താരങ്ങളും കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് ചഹല്‍ തുറന്നുപറഞ്ഞത്. ഫിഗറിങ് ഔട്ട് വിത്ത് രാജ് ഷമാനി പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇത്തരം അറിയാക്കഥകള്‍ ചഹൽ വെളിപ്പെടുത്തിയത്.
‘2019 ലോകകപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ വിരാട് ബാത്ത്‌റൂമിലിരുന്ന് കരയുന്നത് ഞാന്‍ കണ്ടു. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്ത്യയുടെ അവസാനത്തെ ബാറ്ററായിരുന്നു ഞാന്‍. വിരാട് കോഹ്‌ലിയെ മറികടന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു.
അന്ന് എല്ലാവരും കരഞ്ഞിരുന്നു’, ചഹല്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു. 2019 ജൂലൈ ഒമ്പതിനായിരുന്നു ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയ ലോകകപ്പ് സെമി പോരാട്ടം നടന്നത്. മഴ മൂലം റിസേര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ വെച്ച് കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 22 റണ്‍സകലെ വീഴുകയാ യിരുന്നു.