ഇന്ത്യാക്കാർ പൊതുവേ ലാഭം നോക്കുന്നവരാണെന്നാണ് പറയപ്പെടുന്നത്. അവർ പരമാവധി പണം നഷ്ടമാകാതെ നോക്കും. ഇപ്പോഴിതാ അത്തരമൊരു ലാഭിക്കലിന്റെ കഥയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യാത്രികനായ ഒരു ഇന്ത്യൻ യുവാവ് ബുക്ക് ചെയ്ത ബഡ്ജറ്റ് ഹോട്ടലിനെക്കുറിച്ചാണ് പോസ്റ്റിലുള്ളത്.
സൗജന്യ വൈഫൈ, പാർക്കിങ്, 24 മണിക്കൂർ ചെക്ക്-ഇൻ, ലഗേജ് സ്റ്റോറേജ്, ഒരു ക്വീൻ ബെഡ് അല്ലെങ്കിൽ രണ്ട് സിംഗിൾ ബെഡുകൾ. ഈ സൗകര്യങ്ങളെല്ലാമുള്ള ഹോട്ടൽ മുറിക്ക് വാടകയോ വെറും 159.02 രൂപ. വിയറ്റ്നാമിലാണ് ഈ ഹോട്ടൽ. ഹോട്ടൽ ബില്ലിന്റെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കളിൽ ഞെട്ടലുണ്ടാക്കി.
‘ഫൂ കോക്കിലെ ലീഫ് ഹോട്ടലിലാണ് മുറിയെടുത്തത്. ഇവിടെ പരമാവധി രണ്ട് മുതിർന്നയാളുകൾക്ക് താമസിക്കാം. മുറിക്ക് 18 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. വിലയുടെ വിശദാംശങ്ങളിലായിരുന്നു യഥാർഥ അമ്പരപ്പ്. ഒരു രാത്രിയിലെ യഥാർഥ വില 578.24 രൂപയായിരുന്നു. എന്നാൽ 75 ശതമാനം കിഴിവിന് ശേഷം ചെലവ് 144.56 രൂപയായി കുറഞ്ഞു. നികുതികളും മറ്റ് ഫീസുകളും 14.46 രൂപ മാത്രമായിരുന്നു.
വളരെ പെട്ടെന്ന് തന്നെ ഈ യുവാവിന്റെ പോസ്റ്റ് ശ്രദ്ധനേടി. പലരും യാത്രക്കാരന്റെ ഭാഗ്യത്തെത്തന്നെയാണ് അഭിനന്ദിച്ചത്.. ‘ഈ തുകയ്ക്ക് ഒരു നല്ല കാപ്പി പോലും കിട്ടില്ല’ എന്നായിരുന്നു ഒരു കമന്റ്. എന്നാൽ വിലക്കുറവിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മറ്റു ചിലർ. ചിലപ്പോൾ വല്ല അനിഷ്ട സംഭവങ്ങളും നടന്ന സ്ഥലമായിരിക്കാമെന്നും പ്രേതബാധ ഉണ്ടായിരിക്കാമെന്നുമൊക്കെ തുടങ്ങി അനേകം കാരണങ്ങളാണ് പലരും പറഞ്ഞത്. എന്നാൽ ഹോട്ടലുകാർ തമ്മിലുള്ള കിടമത്സരമാകാമെന്ന് ചിലർ പറഞ്ഞു.