കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മ തിരോധാനകേസിൽ അറസ്റ്റിലായ സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. യാതൊരു കൂസലും ഇല്ലാതെയാണ് സെബാസ്റ്റ്യൻ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഇരിക്കുന്നത്. ചിരിയും മൗനവും മാത്രമാണ് ഉത്തരം.
അതേസമയം, ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനെ എത്തിച്ച് ഇന്നലെ നടത്തിയ തെളിവെടുപ്പിൽ വീണ്ടും അസ്ഥിക്കഷ്ണങ്ങളും സ്ത്രീകളുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗും ഒക്കെ ലഭിച്ചിരുന്നു. ഇവയും പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളവും മണ്ണും ഇനി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.പറമ്പിൽ നിന്ന് കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങൾ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു.
സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി അവസാനിക്കും മുമ്പ് കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോട്ടയത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, സിന്ധു, ഐഷ എന്നിവരുടെ തിരോധാനക്കേസിന്റെ തുടരന്വേഷണവും പുരോഗമിക്കുകയാണ്. ആലപ്പുഴയിൽ നിന്നുള്ള അന്വേഷണസംഘവും സെബാസ്റ്റ്യന്റെ വീടും പുരയിടവും പരിശോധന നടത്തുമെന്നാണ് വിവരം.
രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധന കേസിൽ ഏറെ നിർണായകമാണ്.