ചേര്‍ത്തല പള്ളിപുറത്തെ വീട്ടുവളപ്പിൽ നിന്ന് കത്തിച്ച നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നിന്നും കാണാതായ ബിന്ദു പത്മനാഭന്‍ ,കോട്ടയം ഏറ്റുമാനൂരില്‍നിന്നും കാണാതായ ജയമ്മ എന്നീ കേസുകളില്‍ ആരോപണ വിധേയനായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരോധാനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.
ആള്‍ താമസമില്ലാത്ത വീടിന്റെ സമീപത്ത് നിന്നാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡിസംബര്‍ 23നാണ് ജയമ്മയെ കാണാതായത്. ഏറ്റവും ഒടുവില്‍ ഇവരുടെ ഫോണ്‍ ഓണായത് ചേര്‍ത്തല പള്ളിപ്പുറത്താണ്. തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തില്‍ ഇവിടെ പരിശോധന നടത്തുകയായിരുന്നു. കുഴിച്ചു പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ചേര്‍ത്തല കടക്കരപ്പള്ളി പത്മാനിവാസില്‍ പത്മനാഭപിള്ളയുടെ മകള്‍ ബിന്ദു പത്മനാഭനെ(52) കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017 സെപ്തംബറില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
ആദ്യം പട്ടണക്കാട് പോലീസും കുത്തിയതോട് സിഐയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ. നസീമും അന്വേഷണം നടത്തിയിരുന്നു. കേസിലെ പ്രധാനപ്രതി സെബാസ്റ്റ്യനു നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.
സെബാസ്റ്റ്യനുമായി കാണാതായ ബിന്ദു 2003 മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വന്നിട്ടുള്ളതായും മൊഴിലഭിച്ചിട്ടുണ്ട്. ബിന്ദുവിന്റെ പേരില്‍ ഇടപ്പള്ളിയിലെ ഭൂമി വ്യാജപ്രമാണമുണ്ടാക്കി കൈമാറ്റം നടത്തിയ കേസിലും സെബാസ്റ്റ്യന്‍ പ്രതിയായിരുന്നു. സെബാസ്റ്റ്യന്റെ ജീവിതപശ്ചാത്തലം ദുരൂഹമാണെന്നും ബിന്ദുവുമായി പരിചയപ്പെടുന്നതിന് മുന്‍പ് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന സെബാസ്റ്റ്യന്‍ തിരോധാനത്തിനുശേഷം സാമ്പത്തികനില മെച്ചപ്പെട്ട നിലയിലെത്തിയതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.