കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായ കളക്ടർ തന്നെ അവിടെ നടന്ന അപകടത്തിൽ അന്വേഷണം നടത്തുന്നത് യുക്തിരഹിതമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ബിന്ദുവിന്റെ മകൻ നവനീതിന് സ്ഥിരം ജോലി നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. നവനീതിന് താൽക്കാലിക ജോലി നൽകി പറ്റിക്കാമെന്ന് കരുതേണ്ട. സർക്കാർ രക്ഷപ്പെടാമെന്ന് കരുതരുത്.
അതേസമയം ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം. ഇന്ന് സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. തിരുവനന്തപുരത്തെ പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാർച്ച് നടത്തുക. ചൊവ്വാഴ്ച്ച താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇന്നലെ യൂത്ത് ലീഗ്, ആർ വൈ എഫ് പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദാരുണമായ സംഭവം നടന്നത്. മെഡിക്കൽ കോളേജിലെ സർജിക്കൽ വാർഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകർന്നുവീണാണ് ബിന്ദു മരിച്ചത്. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയിൽ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്.