വാഹന മലിനീകരണം കുറയ്ക്കുന്നതിനായി പത്ത് വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കുന്നത് വിലക്കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ജൂലൈ ഒന്നിനാണ് ഈ നിയമം രാജ്യതലസ്ഥാനത്ത് നിലവില്‍ വന്നത്. എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷന്റെ (CAQM) ഉത്തരവിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. ഇതിന് പിന്നാലെ നിരവധി പേർ തങ്ങളുടെ വാഹനങ്ങൾ വളരെ തുച്ഛമായ തുകയ്ക്ക് വിൽക്കേണ്ട അവസ്ഥയിലെത്തിച്ചേർന്നിരിക്കുകയാണ്. 2015ല്‍ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ തന്റെ പ്രിയപ്പെട്ട മേഴ്‌സിഡസ്-ബെന്‍സ് കാര്‍ വെറും രണ്ടര ലക്ഷം രൂപയ്ക്കാണ് വരുൺ വിജ് എന്ന ഡൽഹി സ്വദേശി വിറ്റത്
വണ്ടിയുടെ കണ്ടീഷൻ മികച്ച രീതിയില്‍ ആയിരുന്നിട്ടും 1.35 ലക്ഷം കിലോമീറ്റര്‍ മാത്രമേ ഓടിയിട്ടുള്ളൂവെങ്കിലും കാര്‍ വില്‍ക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.
പത്ത് വര്‍ഷത്തോളം വാഹനം കൂടെയുണ്ടായിരുന്നുവെങ്കിലും കാറിന് വളരെ കുറഞ്ഞ അറ്റകുറ്റപ്പണികള്‍ മാത്രമെ ആവശ്യമായി വന്നുള്ളൂ. ടയര്‍ മാറ്റിയതും പതിവായുള്ള സര്‍വീസും മാത്രമാണ് ചെയ്തത്. രണ്ടര ലക്ഷം രൂപയ്ക്ക് പോലും കാര്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. മറ്റ് വഴികളില്ലാത്തതിനാല്‍ അത് വില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.