കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ്നടത്തിയ ‘എ ആൻഡ് എ’ ചിറ്റ് ഫണ്ട് ഉടമ ടോമി എ.വർഗീസും ഭാര്യ ഷൈനി ടോമിയും തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ. ഇവർക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന രാമമൂർത്തിനഗർ പൊലീസിനോട് വാദങ്ങൾ ഉന്നയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
തട്ടിപ്പിന് പിന്നാലെ 3 നു കെനിയയിലേക്കു കടന്ന ആലപ്പുഴ കുട്ടനാട് രാമങ്കരി സ്വദേശികളായ ദമ്പതികൾ ബെംഗളൂരുവിൽ തിരിച്ചെത്തിയതായി സൂചനയുണ്ട്. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, പണം നഷ്ടപ്പെട്ട 410 പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് നിഗമനം. ഇതിൽ ഒന്നര കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും പെൻഷൻ തുകയായി ലഭിച്ച 60 ലക്ഷം രൂപ നിക്ഷേപിച്ചവരുമുണ്ട്. ദമ്പതികൾ രണ്ടു പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി വരികയായിരുന്നു.
ചിട്ടിയിലൂടേയും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചും സ്വരൂപിച്ച പണം സുരക്ഷിതമാക്കിയ ശേഷം ആര്‍ക്കും സംശയം തോന്നാതെയാണ് ദമ്പതികള്‍ മുങ്ങിയത്. ഇവരുടെ ബെംഗളൂരു രാമമൂര്‍ത്തിനഗറിലെ വീട് ഒരു മാസം മുമ്പ് വിറ്റിരുന്നു. സാധാരണ ലഭിക്കുന്ന വിലയിലും പകുതി വിലയ്ക്കാണ് വീട് വിറ്റത്.