ക്രിക്കറ്റിലൂടെ വൻ വരുമാനമാണ് ബിസിസിഐ ഉണ്ടാക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9741.7 കോടി രൂപയുടെ വരുമാനം ബിസിസിഐ ഉണ്ടാക്കിയെന്നാണ് കണക്ക്. ഇതില്‍ 5,761 കോടി രൂപയും ബിസിസിഐ ഉണ്ടാക്കിയിരിക്കുന്നത് ഐപിഎല്ലിലൂടെയാണ്. അതായത് വരുമാനത്തില്‍ 59 ശതമാനവും എത്തുന്നത് ഐപിഎല്ലിലൂടെയാണെന്ന്.
ഐപിഎല്‍ മീഡിയ അവകാശം വിറ്റഴിച്ചത് വഴി 361 കോടി രൂപയാണ് ബിസിസിഐ സ്വന്തമാക്കിയത്. ഇതുകൂടാതെ 30,000 കോടി രൂപയ്ക്കടുത്തുള്ള കരുതൽ ധനവും ബിസിസിഐയുടെ കയ്യിലുണ്ട്. ഇതില്‍ നിന്നും പലിശയായി വര്‍ഷത്തില്‍ 1,000 കോടി രൂപ ബിസിസിഐയ്ക്ക് ലഭിക്കുന്നുമുണ്ട്.
സ്പോണ്സര്ഷിപ്പുകള്, മീഡിയ കരാര്‍, മത്സരദിന വരുമാനം എന്നിവ കണക്കിലെടുത്താല്‍ കരുതല്‍ ധനത്തില്‍ പ്രതിവര്‍ഷം 10-12 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ബ്രാന്‍ഡിങ് പരസ്യ കമ്പനിയായ റീഡിഫ്യൂഷനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വർഷങ്ങൾ പിന്നിടുന്തോറും ഐപിഎല്ലിന്റെ പ്രചാരം ഏറിവരുന്നെന്നും അതനുസരിച്ച് മീഡിയ റൈറ്റ്സ് ഉയരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎൽ ഇതര വരുമാനം വർധിപ്പിക്കാൻ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകളെ വാണിജ്യവത്കരിക്കാൻ ബിസിസിഐക്ക് മുന്നില്‍ സാധ്യതകളുണ്ട്. കൂടുതൽ രാജ്യങ്ങളിൽ ക്രിക്കറ്റ് ജനകീയമാക്കാൻ ബിസിസിഐക്ക് കഴിയും. ഇതുവഴിയും വരുമാനം ലഭിക്കുകയും ചെയ്യും.