ചില്ലിചിക്കനെന്ന് ധരിപ്പിച്ച് വവ്വാലിന്റെ ഇറച്ചി വിറ്റവർ പിടിയിൽ. തോപ്പൂര്‍ രാമസ്വാമി വനമേഖലയിലാണ് സംഭവം. രണ്ടുപേരെയാണ് വനപാലകര്‍ പിടികൂടിയത്. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്പേട്ടിലാണ് സംഭവം. ഡാനിഷ്പേട്ട് സ്വദേശികളായ എം. കമാല്‍ (36), വി. സെല്‍വം (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിച്ചത്. വവ്വാലിനെ കറിവെച്ച് വില്‍ക്കുന്നതായി പ്രതികള്‍ പോലീസിന് മൊഴിനല്‍കി.ജൂലായ് ഇരുപത്തിയഞ്ചിന് രാത്രി തോപ്പൂർ രാമസാമി വനമേഖലയിൽ വെടിവയ്പ്പ് നടന്നതായി വനംവകുപ്പിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാകം ചെയ്തുകൊണ്ടിരിക്കുന്ന വവ്വാലിന്റെ ഇറച്ചി പിടികൂടിയത്. ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈ പ്രദേശത്തെ ഫാസ്റ്റ് ഫുഡ് സ്റ്റാളുകളിൽ ചില്ലി ചിക്കനും ബിരിയാണിയുമൊക്കെയുണ്ടാക്കാൻ ഇത് വിൽപന നടത്തിയതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കോഴിയിറച്ചിയാണെന്ന് കരുതി ആളുകൾ വവ്വാലിന്റെ ഇറച്ചി കഴിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. നിപ അടക്കമുള്ള നിരവധി വൈറസുകളുടെ വാഹകരാണ് വവ്വാലുകളെന്നിരിക്കെയാണ് ഇതെന്നുള്ളത് വളരെ ഗൗരവതരമാണ്. ആദ്യമായിട്ടല്ല ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 2020 ൽ രാമേശ്വരത്ത് കാക്കയിറച്ചി വിറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2021 ൽ ബംഗളൂരുവിൽ എലിയുടെയും നായയുടെയും മാംസം വിൽപ്പന നടത്തിയതിന് കേസെടുത്തിരുന്നു.