ഇന്ത്യയുമായുള്ള 180.25 കോടി രൂപയുടെ പ്രതിരോധ കരാര്‍ റദ്ദാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് ബംഗ്ലാദേശ് കടന്നത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഗാര്‍ഡന്‍ റീച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡുമായി (GRSE) ഉണ്ടായിരുന്ന കരാറാണ് റദ്ദാക്കിയത്.
ഇന്ത്യയുടെ വ്യാപാര നിയന്ത്രണങ്ങളോടുള്ള പ്രതികാര നടപടിയായിട്ടും ഈ റദ്ദാക്കല്‍ വിലയിരുത്തപ്പെടുന്നുണ്ട്. ബംഗ്ലാദേശിന്റെ ഈ നടപടി വെറും മണ്ടത്തരമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിന്റെ താല്‍ക്കാലിക ഗവണ്‍മെന്റ് ചൈനയുമായി പുലര്‍ത്തിയ അടുപ്പവും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളും കാരണം ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയിരുന്നു.
2024 ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്നും പുറത്തായതിന് ശേഷമാണ് ഇന്ത്യ – ബംഗ്ലാദേശ് ബന്ധം കൂടുതല്‍ വഷളാകുന്നത്. ഇന്ത്യ ബംഗ്ലാദേശില്‍ നിന്നുള്ള 770 മില്യണ്‍ ഡോളറിന്റെ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും, ബംഗ്ലാദേശ് ഇന്ത്യന്‍ ചരക്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇതിന് പിന്നാലെയാണ്. 61 മീറ്റര്‍ നീളമുള്ള ഒരു അഡ്വാന്‍സ്ഡ് ഓഷ്യന്‍-ഗോയിംഗ് ടഗ് നിര്‍മ്മിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ കരാറിലേര്‍പ്പെട്ടിരുന്നു. 2023-ല്‍ 500 മില്യണ്‍ ഡോളറിന്റെ പ്രതിരോധ വായ്പാ പദ്ധതിയുടെ ഭാഗമായായിട്ടായിരുന്നു ഈ കരാര്‍ ഒപ്പുവെച്ചത്. ബംഗ്ലാദേശ് നാവികസേനയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡിഫന്‍സ് പര്‍ച്ചേസിന്റെ ഓര്‍ഡര്‍ പ്രകാരം 24 മാസത്തിനുള്ളില്‍ ഈ ടഗ് രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും വേണമായിരുന്നു.
13 നോട്ട് വേഗതയില്‍ പൂര്‍ണ ലോഡില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ വാഹനം ദീര്‍ഘദൂര ടോവിങിനും സമുദ്രത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്‍കിയാണ് നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്നത്.