നന്ദമുരി ബാലകൃഷ്ണയെ അറിയാത്ത മലയാളികളുണ്ടാവില്ല. പലർക്കും ട്രോളുകളിലൂടെയാവും ഈ തെലുങ്ക് സൂപ്പർസ്റ്റാറിനെ പരിചയം. ഇപ്പോഴിതാ പൊതുവേദിയിൽ വെച്ച് നടന്റെ വെപ്പ് മീശ ഇളകി വന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
നടന്റെ പിറന്നാളിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് വെപ്പ് മീശ ഇളകി വന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു നടൻ. ഇതിനിടെ വെപ്പുമീശ ഒരരികിൽ ഇളകിപ്പോവാൻ തുടങ്ങി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടൻ യാതൊരു കൂസലുമില്ലാതെ വേദിയിൽ വെച്ച് തന്നെ മീശ പശവെച്ച് ഒട്ടിച്ചു. വീണ്ടും യാതൊന്നും സംഭവിക്കാത്ത പോലെ ബാലയ്യ പ്രസംഗം തുടർന്നു.
വീഡിയോ വൈറലായതിനു പിന്നാലെ ‘ഗം ബാലയ്യ’ എന്നാണ് നടനെ നെറ്റിസൺസ് വിളിക്കുന്നത്.
അതേസമയം, നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘അഖണ്ഡ 2’. 2021 ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് നായിക. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.
ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.