പുതിയ ഒറ്റത്തവണ നികുതി ഘടന നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മഹാരാഷ്ട്ര സർക്കാർ. ഇതോടെ സംസ്ഥാനത്തെ ഉന്നതനിലവാരമുള്ള കാറുകൾ, സിഎൻജി, എൽഎൻജി വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ വില വർദ്ധിച്ചു. ഒറ്റത്തവണ നികുതിയുടെ മുൻ പരിധി 20 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 30 ലക്ഷമായി. ഇതോടെ ₹ 20 ലക്ഷമോ അതിൽ കൂടുതലോ എക്സ്-ഷോറൂം വിലയുള്ള കാറുകൾക്ക് കുറഞ്ഞത് 10 ലക്ഷം വരെ വില വർധിക്കും.
മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നികുതി നയം പ്രകാരം, ഇപ്പോൾ പെട്രോൾ, ഡീസൽ കാറുകൾക്ക് അവയുടെ വിലയ്ക്കനുസരിച്ച് നികുതി ചുമത്തും. ഇതനുസരിച്ച് 10 ലക്ഷം രൂപയിൽ താഴെയുള്ള പെട്രോൾ കാറുകൾക്ക് 11 ശതമാനം നികുതി ചുമത്തും.
10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള കാറുകൾക്ക് 12 ശതമാനം നികുതി നൽകേണ്ടിവരും. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് 13% നികുതി നൽകേണ്ടിവരും. അതേസമയം ഡീസൽ കാറുകളുടെ ഈ നികുതി യഥാക്രമം 13%, 14%, 15% എന്നിങ്ങനെയായിരിക്കും. എങ്കിലും സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) നികുതി ഇളവുകൾ തുടർന്നും ലഭിക്കും.
30 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ആറ് ശതമാനം നികുതി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ഈ നിർദ്ദേശം പിൻവലിച്ചു.
സംസ്ഥാനത്ത് ഒരു വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉയർന്ന നിലവാരമുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് യഥാക്രമം 1.54 കോടി രൂപയും 1.33 കോടി രൂപയും വിലയുള്ളവയ്ക്ക് ഇനി മുതൽ 20 ലക്ഷം രൂപയിൽ കൂടുതൽ ഒറ്റത്തവണ നികുതി ഈടാക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.