റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ തിരക്കിൽപ്പെട്ട് ആളുകള്‍ മരിക്കാനിടയായ സംഭവം ചിന്നസ്വാമി സ്റ്റേഡിയത്തിനകത്തിരിക്കുന്ന വിരാട് കോലി അറിഞ്ഞു കാണില്ലെന്ന്മു ന് ഇന്ത്യൻ താരം അതുല്‍ വാസന്. പുറത്ത് ആളുകള്‍ മരിച്ചുവീഴുകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കോലി ആ നിമിഷം സ്വീകരണച്ചടങ്ങ് മതിയാക്കി ഇറങ്ങിപ്പോകുമായിരുന്നുവെന്നും അതുല്‍ വാസൻ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
ആര്‍സിബി താരങ്ങൾ സ്വീകരണം ഏറ്റുവാങ്ങുമ്പോള്‍ പുറത്തുനടക്കുന്ന സംഭവങ്ങള്‍ കോലി അറിഞ്ഞിരുന്നുവെന്ന് ആരങ്കിലും പറഞ്ഞാല്‍ പതിനായിരം കൊല്ലം കഴിഞ്ഞാലും ഞാന്‍ അത് വിശ്വസിക്കില്ല. ഒരുപക്ഷെ രാഷ്ട്രീയക്കാർ പുറത്തെ സംഭവങ്ങള്‍ അറിഞ്ഞിരിക്കാം. അവർ യാതൊരു ദയയുമില്ലാത്തവരാണ്.അതുപോലെ ആര്‍സിബി ടീം ഉടമകളെപ്പോലെയുള്ള കോര്‍പറേറ്റുകളും ഇക്കാര്യം അറിഞ്ഞിരിക്കാം. അവര്‍ക്കിതൊന്നും പ്രശ്നമല്ല.
കാരണം, അവര്‍ക്ക് ബാലന്‍സ് ഷീറ്റില്‍ ലാഭവും വരുമാനവും കാണിക്കുക എന്നത് മാത്രമാണ് പ്രധാനം. എന്നാല്‍ വിരാട് കോലി അടക്കമുള്ള ആര്‍സിബി താരങ്ങള്‍ പുറത്തു നടക്കുന്നതൊന്നും അറിഞ്ഞു കാണില്ല. അറിഞ്ഞു കഴിഞ്ഞപ്പോഴേക്കും അവര്‍ക്കൊന്നും ചെയ്യാനോ പറയാനോ കഴിയാത്ത സാഹചര്യവുമായി. പുറത്തെ കാര്യങ്ങളെല്ലാം വിരാട് കോലി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ആ നിമിഷം പരിപാടി ബഹിഷ്കരിച്ചേനെ. വലിയ ദുരന്തമാണ് സംഭവിച്ചതെന്നും അതുല്‍ വാസന് പറഞ്ഞു.
സ്റ്റേഡിയത്തിലേക്ക് ആളുകളെ ടിക്കറ്റ് വെച്ചായിരിക്കും പ്രവേശിപ്പിക്കുകയെന്ന് പറഞ്ഞിരുന്നെങ്കിലും 40000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായി രണ്ട് ലക്ഷത്തോളം പേരാണ് പുറത്ത് തടിച്ചുകൂടിയത്. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര് മരിച്ചത്.