ബലൂചിസ്താനില്‍ പാക് സൈന്യം തുടർച്ചയായി നേരിടുന്ന തിരിച്ചടികൾക്കും ആക്രമണങ്ങൾക്കും പിന്നിൽ ഇന്ത്യയെന്ന വിചിത്രവാദവുമായി പാക് സൈനിക മേധാവി അസിം മുനീർ. പാക് സൈനിക ഇന്റലിജന്‍സിന്റെ ഭാഗമായ ഡെത്ത് സ്‌ക്വാഡില്‍ പെട്ട മൂന്നുപേര്‍ ബലൂചിസ്താനില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ബലോച് ലിറേഷന്‍ ആര്‍മി ( ബിഎല്‍എ) ഏറ്റെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ ഇന്ത്യ നിഴല്‍യുദ്ധം ശക്തിപ്പെടുത്തുകയാണെന്നാണ് ആരോപണം. ബലൂചിസ്താനിലെ സൈനിക പരിശീലന ക്യാമ്പില്‍ സംസാരിക്കവേയാണ് സൈനികമേധാവി ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്.
കുറച്ച് മാസങ്ങളായി ബലൂചിസ്താന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള വിഘടനവാദം ശക്തിപ്പെട്ടിരുന്നു. ഇന്ത്യാ പാക് സംഘർഷത്തിന്റെ സമയത്തും ഒ ട്ടേറെ പാക് സൈനികരെ ബിഎല്‍എ കൊലപ്പെടുത്തിയിരുന്നു. പാക് സൈന്യത്തെ ലക്ഷ്യമിട്ട് ഏകോപിത ആക്രമണങ്ങളും നടക്കുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎല്‍എ) ആണ്. ബലൂചിസ്താനികളുടെ ദേശസ്‌നേഹത്തെ വിലകുറച്ച് കാണിക്കാനുള്ള നിഴല്‍യുദ്ധമാണ് ഇന്ത്യയുടേതെന്ന് അസിം മുനിര്‍ പറയുന്നു.
കഴിഞ്ഞ മേയില്‍ മാത്രം 51 സ്ഥലങ്ങളിലായി 71 ആക്രമണങ്ങളാണ് പാക് സൈന്യത്തെ ലക്ഷ്യമിട്ട് ബിഎല്‍എ നടത്തിയത്. മെയ് എട്ടിന് മാത്രം നടത്തിയ ആക്രമണങ്ങളില്‍ 14 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ പാക് സൈന്യത്തിന് സാധിക്കാതെ വരുന്നുവെന്നാണ് വിലയിരുത്തലുകള്‍. ഒരേസമയം ബലൂചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലും ഭീകരവാദ- വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയാണ്.