ഇന്ത്യയില്‍ നിന്ന് കടുത്ത പ്രഹരം കിട്ടിയിട്ടും മതിവരാതെ പാക്കിസ്ഥാന് വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ്.ഇത്തവണ അമേരിക്കൻ മണ്ണിൽ നിന്നാണ് അസിം മുനീർ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവ ഭീഷണി മുഴക്കിയിരിക്കുന്നത്. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പക്ഷം ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നാണ് മുനീറിന്റെ ഭീഷണി.
ഫ്ലോറിഡയില്‍ അമേരിക്കയിലെ പാക്കിസ്ഥാന് വ്യവസായികള്‍ നടത്തിയ അത്താഴവിരുന്നിലാണ് വിവാദ പരാമര്‍ശങ്ങള്‍. ഞങ്ങള്‍ ഒരു ആണവശക്തിയാണ്. ഞങ്ങളുടെ അസ്തിത്വം അപകടത്തിലായാല്‍, ലോകത്തിന്റെ പകുതിയും ഞങ്ങളോടൊപ്പം ഇല്ലാതാക്കും,’ എന്നാണ് ജനറല്‍ മുനീര്‍ പറഞ്ഞത്.
സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെയും പാക്കിസ്ഥാന് സൈനിക മേധാവി രംഗത്തെത്തി. കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യന്‍ നീക്കം പാക്കിസ്ഥാനിലെ 25 കോടി ജനങ്ങളെ പട്ടിണിയിലാക്കുമെന്ന് മുനീര്‍ പറഞ്ഞു. തുടര്‍ന്ന് ‘സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഇന്ത്യ ഒരു അണക്കെട്ട് നിര്മ്മിമ്മാന് ഞങ്ങള്‍ കാത്തിരിക്കും, അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും,’ എന്നും ഭീഷണി മുഴക്കി.
ഇന്ത്യയെ ഒരു ആഡംബര മെഴ്സിഡസ് കാറായും പാക്കിസ്ഥാനെ ചരക്ക് നിറച്ച ഒരു ഡംപ് ട്രക്കായും ഉപമിച്ചു കൊണ്ടാണ് അസിം മുനീര്‍ ഭീഷണി മുഴക്കിയത്. ‘ട്രക്ക് ഈ കാറിലിടിച്ചാല്‍ ആര്‍ക്കാണ് നഷ്ടം സംഭവിക്കുക?’ എന്ന് ചോദിച്ചുകൊണ്ട് തങ്ങളുടെ സൈനിക ലക്ഷ്യങ്ങളെക്കുറിച്ച് പരോക്ഷമായ സൂചനകള്‍ നല്കി.