കാലവർഷം രാജ്യമെമ്പാടും മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒൻപതു ദിവസം നേരത്തെ ആണ് മൺസൂൺ രാജ്യം മുഴുവൻ വ്യാപിച്ചത്. സാധാരണ ജൂലൈ മാസമാണ് കാലാവർഷം എത്താറ്. സാധാരണയിലും ഒൻപത് ദിവസം നേരത്തെ ആണ് എത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേരളത്തിൽ നിന്ന് 37 ദിവസം പിന്നിട്ടാണ് കാലവർഷം രാജ്യം മുഴുവൻ വ്യാപിക്കുന്നത്. കേരളത്തിൽ മെയ് 24 ന് കാലവർഷം എത്തിയിരുന്നു. ഇപ്പോൾ മഴ ഡൽഹി അടക്കം എത്തിയിരിക്കുകയാണ്. അതേ സമയം കേരളത്തിൽ ഇന്ന് മുതൽ മഴ കുറഞ്ഞു. വടക്കൻ ജില്ലകളിൽ ഇടവിട്ട് സാധാരണ മഴ പെയ്യുന്നുണ്ട്
ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ അലെർട് മുന്നറിയിപ്പ് ഉണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ആണ് മഞ്ഞ അലെർട്. നാളെ മുതൽ ജൂലൈ രണ്ടു വരെ സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പ് ഇല്ല. ജൂലൈ 3 ന് അഞ്ചു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ് ഉള്ളത്.
ശനിയാഴ്ചയും ഞായറാഴ്ചയും ഡൽഹി-എൻസിആറിൽ നേരിയതും മിതമായതുമായ മഴ പെയ്തിരുന്നു. രോഹിണി, പിതംപുര, കരവാൽ നഗർ, രജൗരി ഗാർഡൻ, ദ്വാരക, ഐജിഐ വിമാനത്താവളം, തലസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും മഴയും ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തു.
ഹരിയാനയിലെയും പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും നോയിഡ ഉൾപ്പെടെയുള്ള അയൽ പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴയും ഇടിമിന്നലും ഉണ്ടായി, ചില സ്ഥലങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്തി.
ഉത്തരേന്ത്യയിൽ തുടർച്ചയായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളോട് ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു.