നടൻ ബാബു രാജ് സംഘടനയുടെ പ്രധാന പദവിയിലേക്ക് മത്സരിക്കാനായി പത്രിക നല്‍കിയത് വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചത് മല്ലിക സുകുമാരന്‍, മാലാ പാർവതി തുടങ്ങി ധാരാളം പേർ ഇത് ശരിയല്ലെന്ന് നിലപാടെടുത്ത് മുന്നോട്ടുവന്നു. ഇപ്പോഴിതാ അനൂപ് ചന്ദ്രനും ബാബുരാജിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
സംഘടനയെ കട്ട് മുടിക്കുകയാണ് ബാബു രാജിന്റേയും അന്‍സിബ ഹസ്സന്റെയും ലക്ഷ്യമെന്നാണ് അനൂപ് ചന്ദ്രന് ആരോപിക്കുന്നത്. കുടുംബ സംഗമം നടത്തുമ്പോള്‍ ബാബു രാജ് മറ്റ് ആരോടും കൂടിയാലോചനകള്‍ നടത്താതെ അദ്ദേഹം അദ്ദേഹത്തിന്റെ സില്‍ബന്ധികളുമാണ് കാര്യങ്ങള്‍ നടത്തിയത്. അതിന്റെ കണക്ക് പോലും ഇതുവരെ അവതിരിപ്പിച്ചിട്ടില്ലെന്നും അനൂപ് ചന്ദ്രന് ആരോപിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വെച്ച് കണക്ക് ചോദിക്കുമ്പോള്‍ അദ്ദേഹം മുഷ്ടി ചുരുട്ടി ഡസ്കില്‍ ഇടിക്കുകയാണ് ചെയ്തത്. ഇതുവരെ ആ കണക്ക് അവതരിപ്പിച്ചിട്ടില്ല. ഇനി നമ്മുടെ പക്കല്‍ ഒരു ഏഴ് കോടി രൂപയുണ്ട്. ഒരു വർഷം ഇന്‍ഷൂറന്‍സിന് ഒരു കോടി രൂപയും പെന്ഷന് മറ്റൊരു ഒരു കോടി രൂപയും വേണം. ഈ പണം കൂടെ ഇവർ അടിച്ചുമാറ്റിയാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, വിമർശനം കടുത്തതോടെ ബാബു രാജ് മത്സര രംഗത്ത് നിന്നും മാറി നിന്നേക്കുമെന്ന തരത്തിലുള്ള വാർത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ടതോടെയാണ് മത്സരരംഗത്തുനിന്ന് പിന്മാറാന് തയ്യാറായത് എന്നാണ് സൂചന. അദ്ദേഹം ഇതുവരെ പത്രിക പിന്‍വലിച്ചിട്ടില്ല. ഇന്ന് വൈകീട്ട് വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും ബാബു രാജ് പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക മാത്രമായിരിക്കും അദ്ദേഹം പിന്‍വലിക്കുക. ബാബുരാജിന് പുറമേ, അനൂപ് ചന്ദ്രന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, കുക്കു പരമേശ്വരന് എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിട്ടുണ്ട്.