അമ്മയുടെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബു ഉളളപ്പോൾ സംഘടനയിൽ അച്ചടക്കമുണ്ടായിരുന്നു എന്നാണ് അടുത്തിടെ നടി മാലാ പാർവ്വതി പറഞ്ഞത്. ഇപ്പോഴിതാ ഇടവേള ബാബുവിന്റെ ‘അച്ചടക്കം’ എന്തായിരുന്നുവെന്ന് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ സംവിധായകൻ ആലപ്പി അഷ്റഫ്.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ
” ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ അമ്മയിൽ നല്ല അച്ചടക്കം ഉണ്ടായിരുന്നു എന്നുളള മാലാ പാർവ്വതിയുടെ കോമഡി കേട്ട് ചിരിച്ച് അവശരായിട്ടുണ്ട് പലരും. ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ ഉളള അച്ചടക്കത്തെ കുറിച്ച് ഒന്ന് പരിശോധിക്കാം. ദിലീപ് മുതൽ അങ്ങോട്ട് തുടങ്ങിയാൽ വിജയ് ബാബു, സിദ്ദിഖ്, മണിയൻപിളള രാജു, ബാബുരാജ്, ജയസൂര്യ, മുകേഷ് കൂടാതെ അച്ചടക്കത്തിന്റെ നേതാവായ ഇടവേള ബാബുവും. ഇവർക്കെതിരെയുളള പരാതികൾ വളരെ മര്യാദയോടെയും അച്ചടക്കത്തോടെയും സൂക്ഷിച്ചത് കൊണ്ടാവാം അച്ചടക്കത്തിന്റെ വക്താവായി ഇടവേള ബാബുവിനെ കണ്ടത്.
ബാബുവിന്റെ വാക്കുകൾക്ക് വിശ്വാസ്യത ഉണ്ടായിരുന്നു എന്നാണ് മാലാ പാർവ്വതിയുടെ മറ്റൊരു അഭിപ്രായം. ആ വിശ്വാസ്യതയെ കുറിച്ച് പല കാര്യങ്ങളും ഗണേഷ് കുമാർ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. അതിലൊരു കാര്യം മാത്രം ഇവിടെ സൂചിപ്പിക്കാം. ബിനീഷ് കോടിയേരിയുടെ പ്രശ്‌നം വന്നപ്പോൾ അദ്ദേഹത്തെ സംഘടനയിൽ നിന്ന് പുറത്താക്കണം എന്ന് പറഞ്ഞപ്പോൾ ഗണേഷ് കുമാർ എതിർത്തുവെന്ന് മാധ്യമങ്ങൾക്ക് വാർത്ത കൊടുത്തു.
എന്നാൽ ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ച ചെയ്ത മീറ്റിംഗിൽ ഗണേഷ് കുമാർ പങ്കെടുത്തിരുന്നില്ല അച്ഛനായ ആർ ബാലകൃഷ്ണപിള്ള ടിവിയിൽ ഈ വാർത്ത കണ്ട് ഗണേഷ് കുമാറിനോട് ചോദിക്കുന്നു, നീ ഇവിടെ ഇരിക്കുകയല്ലേ, പിന്നെ എങ്ങനെയാണ് നീ ആ മീറ്റിംഗിൽ എതിർത്തു എന്ന് വാർത്ത വരുന്നതെന്ന് ഇത് കണ്ട ഗണേഷ് കുമാർ ക്ഷുഭിതനായി ബാബുവിനെ വിളിച്ചു.
അത് വരെ ഗണേഷ് കുമാറിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു ഇടവേള ബാബു. തോന്നുന്നത് പോലെ അമ്മയിൽ ചെയ്യാനും പറയാനും ബാബുവിന്റെ സ്വകാര്യ സ്വത്തല്ല അമ്മയെന്ന് ഗണേഷ് കുമാർ അന്ന് പറഞ്ഞത്. ഇത്തരം വിഷയങ്ങളൊക്കെ സമയവും സന്ദർഭങ്ങളും മാറിയപ്പോൾ മാലാ പാർവ്വതി വിസ്മരിച്ചതായിരിക്കാം. ആലപ്പി അഷ്റഫ് പറയുന്നു.