തിരുവനന്തപുരത്തു നിന്നുംതിരിച്ച എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വിമാനത്തിലെ യാത്രക്കാരായ കേരളാ എംപിമാര്‍ . കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് തുടങ്ങിയ എംപിമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
വിമാനത്തിന് റഡാറുമായി ബന്ധം നഷ്ടമായെന്നാണ് കൊടിക്കുന്നില്‍ സുരേഷ് വിശദീകരിച്ചത്. റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാന്‍ഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടല്‍ ഒഴിവാക്കുകയും ചെയ്തു. വിമാനം ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലമാണ് സുരക്ഷിതരായി ചെന്നൈയില്‍ ലാന്‍ഡ് ചെയ്തതെന്നും കൊടിക്കുന്നില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. വിമാനത്തില്‍ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 7.20ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ അര മണിക്കൂര്‍ വൈകി 7.50ന് ആണ് വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൈലറ്റ് അനൗണ്‍സ്‌മെന്റ് ചെയ്തു. ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്ങിനുള്ള ശ്രമം തുടങ്ങി. രണ്ടു മണിക്കൂറോളമാണ് വിമാനം ആകാശത്തു വട്ടമിട്ട് പറന്നത്. ഇടയ്ക്കിടെ പൈലറ്റ് അറിയിപ്പുകള്‍ തരുന്നുണ്ടായിരുന്നു.
റഡാറിലെ തകരാര്‍ എന്നാണു പറയുന്നത്. എന്തായാലും വിശദ അന്വേഷണം വേണം. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. വലിയ അപകടത്തില്‍ നിന്ന് കരകയറിയാണ് ഞങ്ങള്‍ എല്ലാം പകരം വിമാനത്തില്‍ കയറി ഇരിക്കുന്നത്. റണ്‍വേയില്‍ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാത്തത് തന്നെ ഭാഗ്യമാണ്. പൈലറ്റായ ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ മികവ് അഭിനന്ദനാര്‍ഹമാണ്’ – അടൂര്‍ പ്രകാശ് മാധ്യമത്തോട് പറഞ്ഞു.