ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപിടുത്തം ഉണ്ടായത്. ഓക്സിലറി പവര്‍ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ ഇറങ്ങുന്ന സമയത്തായിരുന്നു തീ കണ്ടത്. യാത്രക്കാർ സുരക്ഷിതരാണ്. വിമാനം വിശദ പരിശോധനയ്ക്കായി മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) അറിയിച്ചു.
ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലെത്തിയ AI 315 വിമാനത്തിലാണ് തീ കണ്ടെത്തിയത്. സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം അനുസരിച്ച് ഓക്സിലറി പവർ യൂണിറ്റ് ഓട്ടോമാറ്റിക്കായി ഓഫായതായും എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ;വിമാനത്തിന് ചില കേടുപാടുകൾ സംഭവിച്ചതായും സംഭവത്തിൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീ ഉടൻ തന്നെ അണച്ചതായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിഐഎഎൽ) ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച, ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പുറപ്പെടേണ്ടിയിരുന്ന AI2403 വിമാനം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്ര നിര്‍ത്തിവച്ചിരുന്നു. ടേക്ക് ഓഫ് റോളിനിടെ വിമാനം റണ്‍വേയിലൂടെ മണിക്കൂറില്‍ 155കിമീ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
മാത്രമല്ല തിങ്കളാഴ്ച തന്നെ, കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനം തെന്നി മാറിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ 27 ല്‍ നിന്ന് തെന്നിമാറിയത്. റണ്‍വേ ഉടന്‍ തന്നെ അടക്കുകയും ചെയ്തിരുന്നു.