അഹമ്മദാബാദ് വിമാനാപകടത്തില്‍ ക്യാപ്റ്റനെ പ്രതിയാക്കി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. രണ്ട് എഞ്ചിനിലേക്കുമുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്നാണ് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ബ്ലാക്ക് ബോക്‌സ് റെക്കോര്‍ഡില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരുടെയും സംഭാഷണത്തെ ചൂണ്ടിയാണ് വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട്.
‘ബോയിംഗ് 787 ഡ്രീംലൈനറിന്റെ സഹ പൈലറ്റ് എന്തുകൊണ്ടാണ് റണ്‍വേയില്‍ നിന്ന് വിമാനം ഉയര്‍ന്നതിന് പിന്നാലെ സ്വിച്ചുകള്‍ കട്ട് ഓഫ് സ്ഥാനത്തേക്ക് മാറ്റിയതെന്ന് കൂടുതല്‍ പരിചയസമ്പന്നനായ ക്യാപ്റ്റനോട് ചോദിച്ചു. പിന്നാലെ സഹപൈലറ്റ് ആശ്ചര്യം പ്രകടിപ്പിക്കുകയും പിന്നീട് പരിഭ്രാന്തനാകുകയും ചെയ്തു. അപ്പോഴും ക്യാപ്റ്റന്‍ ശാന്തനായി തുടരുകയായിരുന്നു’, എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ അപകടത്തിന്റെ കാരണം ഇന്ധന സ്വിച്ചുമായി ബന്ധപ്പെട്ടതാണെന്ന് മനസിലായിരുന്നെങ്കിലും ഏത് പൈലറ്റാണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ലെന്നാണ് വാള്‍ സ്ട്രീറ്റിൻ്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
‘അമേരിക്കന്‍ പൈലറ്റുകളെയും അപകടം അന്വേഷിക്കുന്ന സുരക്ഷാ വിദഗ്ദരെയും സൂചിപ്പിച്ച് കൊണ്ട് അത് ക്യാപ്റ്റനായിരിക്കുമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ സ്വിച്ച് ഓഫ് ചെയ്തത് മനപ്പൂര്‍വ്വമാണോ അതോ ആകസ്മികമാണോയെന്ന് പറഞ്ഞിരുന്നില്ല. വിമാനത്തിന്റെ ഡിസൈന്‍ പിഴവുകള്‍, തകരാറുകള്‍, അറ്റകുറ്റപ്പണി തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞില്ല. മാത്രവുമല്ല മനഃശാസ്ത്ര വിദഗ്ധരുടെ ആവശ്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു’, വാള്‍ സ്ട്രീറ്റില്‍ വ്യക്തമാക്കുന്നു.